മഴക്കാലം തുടങ്ങിയാല്‍ പിന്നെ രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങും ; ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം
മഴക്കാലം തുടങ്ങിയാല്‍ പിന്നെ രോഗങ്ങള്‍ പിടിമുറുക്കിത്തുടങ്ങും. അതുകൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ ദഹനവ്യവസ്ഥ മന്ദഗതിയിലാകും. അതുകൊണ്ട് എളുപ്പം ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാന്‍, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവ ഒഴിവാക്കുകയും വേണം. ചെറുചൂടോടെ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. കഞ്ഞി, ആവിയില്‍ വേവിച്ച ആഹാരങ്ങള്‍, സൂപ്പ് എന്നിവ നല്ലതാണ്. ഇലക്കറികള്‍ തയ്യാറാക്കുമ്പോള്‍ അവ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നല്ല ചൂട് ചായയോ കാപ്പിയോ ഒക്കെ കുടിച്ച് വറുത്ത പലഹാരങ്ങള്‍ കഴിച്ചിരിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്.
എന്നാലിത് അമിതമാകരുത്. ജ്യൂസ് കുടിക്കുന്നതിന് പകരം പഴങ്ങള്‍ മുറിച്ച് ഫ്രൂട്ടായി തന്നെ കഴിക്കുന്നതാണ് നല്ലത്. ദഹനപ്രശ്‌നം ഉണ്ടാക്കുന്ന മൈദ പോലുള്ളവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മണ്‍സൂണ്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അന്തരീക്ഷത്തില്‍ തണുപ്പായതുകൊണ്ടും താരതമ്യേന ശാരീരിക പ്രവര്‍ത്തനം കുറവായതിനാലും മഴക്കാലത്ത് ശരീരം അധികം വിയര്‍ക്കാറില്ല. അതുകൊണ്ടുതന്നെ വെള്ളം കുടിക്കുന്ന കാര്യം പലരും മറന്നുപോകാറുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാനും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും ഓര്‍ക്കണം. കുരുമുളക്, ചുക്ക്, ഇഞ്ചി, മല്ലി, വെളുത്തുള്ളി തുടങ്ങിയവ മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.