കുടുംബശ്രീയെ കുറിച്ച് പഠിക്കാൻ ഡാര്‍ജിലിങ് സംഘം കട്ടപ്പനയിൽ

പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽനിന്നുള്ള കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ(എൻആർഒ) സംഘം നഗരസഭയിലെ കുടുംബശ്രീ യൂണിറ്റുകളിൽ സന്ദർശനം നടത്തി. കേരളത്തിലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനാണ് 23 അംഗ സംഘം കട്ടപ്പനയിലെത്തിയത്. കുടുംബശ്രീ യോഗങ്ങളുടെ രീതി, സമൂഹ–--സാംസ്‌കാരിക പ്രവർത്തനങ്ങൾ, നിക്ഷേപ സമാഹരണം തുടങ്ങിയവയെക്കുറിച്ച് ചോദിച്ചറിഞ്ഞു.
22-ാം വാർഡിലെ അമ്പലക്കവല ദർശന കുടുംബശ്രീയുടെ യോഗത്തിൽ പങ്കെടുത്ത ഡാർജിലിങ് സ്വദേശിനി റിയ സമങിനെ അംഗങ്ങൾ സ്വീകരിച്ചു. നഗരസഭ കൗൺസിലർ ലീലാമ്മ ബേബി, സിഡിഎസ് ചെയർപേഴ്‌സൺമാരായ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ ബീന സോദരൻ, കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ലേഖ സജു, സെക്രട്ടറി സുജാത രാജു, അനില മോഹനൻ, ബിന്ദു ജോസഫ്, പി ആർ സുലേഖ എന്നിവർ സംസാരിച്ചു. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി.