അപകട ഭീഷണി ഒഴിയാതെ രാജാക്കാട് വാക്കാസിറ്റി റോഡ്

രാജാക്കാട് വാക്കാസിറ്റി റോഡിലെ കൽക്കുടിയംകാനം- തമ്പുഴ വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.രാജാക്കാട് ചാക്കുളത്തിെമെട്ട് റോഡിൻ്റെ ഭാഗമായി റോഡ് ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ചതാണ്.കൽക്കുടിയംകാനത്തിന് സമീപം തമ്പുഴ കവലയിൽ റോഡരികിൽ നിന്നിരുന്ന വലിയ മരം റോഡിന് ഭീഷണിയായിരുന്നു.2 വർഷം മുമ്പ് മരം മുറിച്ചുമാറ്റിയെങ്കിലും അതിൻ്റെ കുറ്റി നീക്കം ചെയ്തിരുന്നില്ല.
ചെറിയ വളവുള്ള സ്ഥലത്ത് പെട്ടെന്ന് മറുവശത്തു നിന്നെത്തുന്ന വാഹനങ്ങൾ കാണുക പ്രയാസകരമാണ്. വെട്ടിയിട്ട മരവും റോഡരികിൽ കിടക്കുന്നതും അപകട ഭീഷണിയിലാണ്.ഇവിടെ പല പ്രാവശ്യങ്ങളിലായി ഏകദേശം 25 ഓളം അപകടങ്ങൾ നടന്നിട്ടുണ്ട്.ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
പലപ്പോഴും നിയന്ത്രണം വിട്ട് സമീപത്തുള്ള പാടത്തേക്കാണ് വാഹനവുമായി വീഴുന്നത്.അപകടത്തിൽപ്പെട്ട് ഇപ്പോഴും ഗുരതരാവസ്ഥയിൽ ചികിത്സയിലിരിക്കുന്നവരുമുണ്ട്.കഴിഞ്ഞ ദിവസം ഒരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു സ്കൂട്ടറിലും,ഓട്ടോറിക്ഷയിലും ഇടിച്ച് വാഹനങ്ങൾക്കും യാത്രക്കാർക്കും പരിക്കുണ്ട്. ഇടിച്ചിട്ട് നിറുത്താതെ പോയ കാർ അടിവാരത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു.
ടൂറിസ്റ്റുകളും,സ്കൂൾ കോളേജ് വാഹനങ്ങളുമടക്കം കടന്നുപോകുന്ന റോഡരികിലെ മരക്കുറ്റി പറിച്ചു മാറ്റി റോഡിലെ വളവ് നിവർത്തുകയും റോഡിൽ കണ്ണാടി സ്ഥാപിക്കുകയും ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.