ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെ സ്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ മാനേജ്മെൻറ് സ്കൂളിലേക്ക് മാറ്റിയതായി പരാതി
ഇരട്ടയാർ ശാന്തിഗ്രാം സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ കുട്ടികളെ സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും അറിയാതെ മാനേജ്മെൻറ് സ്ക്കൂളിലേക്ക് മാറ്റിയതായി പരാതി. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളെയാണ് ആറാം ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായി മാറ്റിയത്.
1800 ലധികം കുട്ടികൾ പഠിക്കുന്ന, സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളാണ് ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം ഗാന്ധിജി സ്കൂൾ . പഠന നിലവാരം കണക്കിലെടുത്ത് നിരവധി കുട്ടികൾ വർഷം തോറും ഇവിടേക്കെത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച വരെ സ്ക്കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ എന്നീ അവധി ദിവസങ്ങളിൽ മറ്റൊരു സ്ക്കൂളിലേക്ക് മാറ്റുകയായിരുന്നു.
തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്കൂൾ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. മൂന്ന് കുട്ടികൾ അഞ്ചാം ക്ലസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്. ഈ കുട്ടികളിലാരും തന്നെ ടി സി ക്കായി സ്ക്കൂളിൽ അപേക്ഷ നൽകിയിരുന്നില്ല.
സമ്പൂർണ പോർട്ടൽ വഴി കുട്ടികൾക്ക് ടിസി അനുവദിക്കാൻ കഴിയുന്നത് പ്രധാന അധ്യാപകർക്കും ജില്ല വിദ്യാഭ്യാസ ഓഫീസിനുമാണ്. പോർട്ടലിൽ നിന്നും കുട്ടികളെ ഡിലീറ്റ് ചെയ്തത് കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിലെ ചില ജീവനക്കാരുടെ സ്വാർത്ഥ താല്പര്യമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും പരാതി നല്കിയതായും പി ടി എ ഭാരവാഹികൾ അറിയിച്ചു.
കുട്ടികളുടെ വിവരങ്ങൾ നീക്കം ചെയ്ത ശേഷം തിങ്കളാഴ്ച ഓൺലൈനായി ടിസിക്ക് അപേക്ഷ നൽകി തിരിമറി നടത്തിയിട്ടുണ്ട്. മറ്റൊരു കുട്ടിയുടെ അപേക്ഷ രക്ഷകർത്താക്കൾ അറിയാകെ ഓൺലൈനായി എത്തിയെങ്കിലും സ്കൂൾ മാറാൻ താൽപ്പര്യമില്ലെന്ന് ഇവർ എഴുതി നൽകുകയും ചെയ്തു. അനുമതിയില്ലാതെ കുട്ടികളെ സ്കൂൾ മാറ്റിയത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ജില്ല വിദ്യാഭ്യാസ ഓഫീസർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയതായും ജില്ല വിദ്യാഭ്യാസ ഓഫീസർ മണികണ്ഠൻ പറഞ്ഞു. സ്വകാര്യ മാനേജ്മെൻറ് സ്കൂളുകളുടെ ഡിവിഷൻ നഷ്ടപ്പെടാതിരിക്കാനും പുതിയ ഡിവിഷനുകൾ അനുവദിപ്പിക്കാനുമുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ഇത്തരം നടപടിയിലൂടെ വലിയ സാമ്പത്തിക അഴിമതിയും അട്ടിമറിയുമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
കൂടാതെ പ്ലസ് വണ്ണിന് മെറിറ്റിൽ അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾക്ക് സ്വകാര്യ സ്കൂളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ഈ കുട്ടിയുടെ വിദ്യാർത്ഥികളായ സഹോദരങ്ങളെ കൂടി അതത് സ്കൂളിലേയ്ക്ക് മാറ്റണമെന്ന് സ്കൂളധികൃതർ നിർബന്ധം പിടിക്കുന്നതായും വിവരമുണ്ട്.
ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും മലയാളം മീഡിയത്തിലേയ്ക്ക് പെട്ടെന്ന് സ്കൂൾ മാറ്റുന്നത് കുട്ടികളെയും മാനസിക സമ്മർദ്ദത്തിലാക്കുന്നു. കുട്ടികളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസിലെ ചില ജീവനക്കാരുടെ അനധികൃത ഇടപെടലുകൾ സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.