കുവൈത്തിൽ പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം; 2 മലയാളികളടക്കം 41 പേർ മരിച്ചെന്ന് റിപ്പോർട്ട്
കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചെന്ന് റിപ്പോർട്ട്. നാൽപതിലേറെപ്പേർക്കു പരുക്കേറ്റു. ഇതിൽ ഏഴു പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന. മരണസംഖ്യ കൂടിയേക്കാം. രാജ്യത്തെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവസ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്. അപകടത്തിൽപെട്ടവർക്ക് സഹായവുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ നിർദേശം.
തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടത്തിൽ ഇത്രയും പേരെ താമസിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ പരിശോധന നടത്തും.ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു. ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന ഇത്തരം നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു.








