അയർലന്റിൽ കൗണ്ടി കൗൺസിലർമാരായി അങ്കമാലി സ്വദേശിയായ പിതാവും മകനും തിരഞ്ഞടുക്കപ്പെട്ടു
അയർലന്റിൽ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗൺസിൽ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോൾ മലയാളികളായ പിതാവിനും മകനും വിജയം. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളിയായ പിതാവും മകനും ഒരുപോലെ കൗണ്ടി കൗൺസിൽ ഇലക്ഷന് വിജയം നേടുന്നത്. താല സൗത്ത് മണ്ഡലത്തിൽ നിന്നും മത്സരിച്ച ബേബി പെരേപാടനും താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ: ബ്രിട്ടോ പെരേപാടനുമാണ് വിജയിച്ചത്.
ബേബി പെരേപാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തിൽ പുതുമുഖവും താല ഗവർമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറുമാണ് 24 കാരനായ മകൻ ബ്രിട്ടോ. ഭരണകക്ഷിയായ ഫൈൻഗേൽ പാർട്ടിയുടെ സ്ഥാനാർഥികളായാണ് ഇരുവരും ജനവിധി തേടിയത്. ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റ വിരുദ്ധ വികാരം ശക്തമായിരുന്നു.
കുടിയേറ്റ സ്ഥാനാർഥികൾ സൈബർ ആക്രമണവും നേരിട്ടിരുന്നു. അയർലണ്ട് പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് വിജയികളായ പിതാവിനെയും മകനെയും നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അങ്കമാലി, പുളിയനം സ്വദേശിയായ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലായിൽ താമസിക്കുന്നു.