ഏലയ്ക്ക റീപൂളിങ്ങ് തട്ടിപ്പിന് തടയിടാൻ അപ്രായോഗിക നിർദേശങ്ങളുമായി സ്‌പൈസസ് ബോർഡ്; നേട്ടം സ്വകാര്യ ഏലം ലേല ഏജൻസികൾക്ക്

ഉത്പാദനം കുറയുന്ന സമയത്ത് ഏലയ്ക്കായ വിലയിടിയ്ക്കാനായി വൻകിട ഏജൻസികൾ നടത്തുന്ന റീപൂളിങ്ങ് ( ലേലത്തിൽ പതിഞ്ഞ കായ തന്നെ വീണ്ടും പതിയുന്ന പ്രക്രിയ) ന് തടയിടാൻ അപ്രായോഗിക നിർദേശങ്ങളുമായി സ്‌പൈസസ് ബോർഡ് സർക്കുലർ. സർക്കുലർ പ്രകാരം ലേലത്തിൽ പതിയുന്ന കായയുടെ 25 ശതമാനം മാത്രമേ ഡീലർമാരുടേതായി കാണാൻ പാടുള്ളു. ഈ നിർദേശം അപ്രായോഗികവും ചെറുകിട കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയാകുമെന്നുമാണ് ആക്ഷേപം .
കാഡമം രജിസ്‌ട്രേഷനുള്ള കർഷകർക്കും , വ്യാപാരികൾക്കുമാണ് നിലവിൽ ഇ- ലേലത്തിൽ പങ്കെടുക്കാനാകുക. ചെറുകിട കർഷകർക്ക് പലപ്പോഴും കാഡമം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഉണ്ടാകാറില്ല. ഉണ്ടാകുമെങ്കിലും സ്‌പൈസസ് പാർക്കിലെത്തി ലേലത്തിൽ പങ്കെടുക്കാൻ ഭൂരിഭാഗം ചെറുകിട കർഷകരും താത്പര്യം കാട്ടാറില്ല. ഇവർ ഏലക്കായ വിൽക്കാനായി ചെറുകിട വ്യാപാരികളെയാണ് ആശ്രയിക്കുന്നത്.
ലേലത്തിൽ പതിയുന്ന കായയുടെ 25 ശതമാനത്തിൽ കൂടുതൽ ചെറുകിട വ്യാപാരികൾക്ക് പതിയാൻ കഴിയില്ല എന്ന നിയമം നിലവിൽ വന്നതോടെ ചെറുകിട വ്യാപാരികൾക്ക് വിറ്റഴിക്കാനുള്ള വിപണി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഇതോടെ ഏലയ്ക്ക ശേഖരിയ്ക്കാൻ വ്യാപാരികൾ മടിയ്ക്കുകയും കർഷകർക്ക് വിറ്റഴിക്കാൻ വിപണി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ലേല നടപടികളിൽ പങ്കെടുക്കാൻ വേണ്ട സൗകര്യങ്ങൾ ഉള്ളതിനാൽ വൻകിട കർഷക കൂട്ടായ്മകൾ സ്‌പൈസസ് ബോർഡ് നിർദേശത്തെ സ്വാഗതം ചെയ്യുന്നുണ്ട്.
കയറ്റുമതി ഓർഡർ നിലവിലുള്ള വൻകിട വ്യാപാരികളെയും സ്‌പൈസസ് ബോർഡിന്റെ സർക്കുലർ ബാധിയ്ക്കില്ല. നിലവിൽ സജീവമായ സ്‌പൈസസ് ബോർഡിന്റെ പുറ്റടി, ബോഡിനായ്ക്കന്നൂർ ലേല കേന്ദ്രങ്ങളിലെ തിരക്ക് കുറയുന്നതിനും സർക്കുലർ കാരണമാകും. പതിഞ്ഞ ഏലയ്ക്ക ലേലത്തിൽ പിടിച്ചവർ വീണ്ടും എത്തിച്ചാൽ തിരിച്ചറിയാൻ മാർഗം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.സ്വകാര്യ ലേല വിപണിയ്ക്ക് നേട്ടം.
സ്‌പൈസസ് ബോർഡ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ചെറുകിട കർഷകരും , വ്യാപാരികളും സ്വകാര്യ ഇ-ലേല കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. നല്ല നിലയിൽ പ്രവർത്തിയ്ക്കുന്ന ഒട്ടേറെ സ്വകാര്യ ലേല കേന്ദ്രങ്ങളുണ്ടെങ്കിലും വിറ്റഴിക്കുന്ന ചരക്കിന് പണം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയും ചിലയിടങ്ങളിലുണ്ട്. സാഹചര്യം മുതലെടുത്ത് ഓൺലൈൻ തട്ടിപ്പുകൾക്കും ഏറെ സാധ്യതയുണ്ട്. ഇത് ഏലം വിപണിയ്ക്ക് ആകെ തിരിച്ചടിയാകും.
നിർദേശം അപ്രായോഗികം.ചെറിയ അളവിൽ ഏലയ്ക്ക ഉത്പാദിപ്പിയ്ക്കുന്ന കർഷകരിൽ നിന്നും ഏലയ്ക്ക ശേഖരിയ്ക്കുന്ന വ്യാപാരികൾക്ക് തിരിച്ചടിയാണ് സ്‌പൈസസ് ബോർഡിന്റെ സർക്കുലർ. കർഷകരിൽ നിന്നും ശേഖരിയ്ക്കുന്ന ഏലയ്ക്ക വ്യാപാരികൾ ഇനി എവിടെ വിറ്റഴിയ്ക്കും. സ്വകാര്യ ലേല കേന്ദ്രങ്ങളുണ്ടെങ്കിലും പണമിടപാടുകൾക്ക് ഗ്യാരന്റി തരാത്തതിനാൽ വ്യാപാരികളിൽ പലരും ഇടപാടിന് മടിയ്ക്കും.