കട്ടപ്പനയിൽ വീണ്ടും നിരോധിത പാൻ മസാല പിടികൂടി;പാൻ മസാല വിൽപ്പന നടത്തിയത് അന്യസംസ്ഥാനക്കാരനായ സ്കൂൾ വിദ്യാർത്ഥി
കട്ടപ്പന പുതിയ ബസ്റ്റാൻഡിലെ വാടക മുറിയിൽ നിന്നും നിരോധിത പാൻ മസാലകൾ പിടികൂടി. അന്യസംസ്ഥാനക്കാരനായ വിദ്യാർത്ഥി പിടിയിൽ. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ് ലി പി. ജോണിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അറുപതിനായിരത്തിൽപരം രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കട്ടപ്പനയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ പഠിച്ചിരുന്ന അന്യസംസ്ഥാനക്കാരനായ വിദ്യാർത്ഥിയാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്നും ഏകദേശം പതിനായിരത്തോളം രൂപയും വിൽപനക്കായി സൂക്ഷിച്ചിരുന്ന വിവിധ തരത്തിലുള്ള പുകയില ഉത്പ്പന്നങ്ങളുമാണ് പിടികൂടിയത്.
കഴിഞ്ഞ 4 മാസത്തിനിടെ നിരവധി തവണയാണ് നഗരസഭാ ആരോഗ്യ വിഭാഗം കട്ടപ്പനയിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടിയത്.അന്യ സംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നും ചില വ്യാപാരികളുടെ ഗോഡൗണിൽ നിന്നും ആയിരക്കണക്കിന് പാക്കറ്റ് പാൻ മസാലകൾ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്. കട്ടപ്പന നഗരസഭ പരിധിയിൽ നിരോധിത പാൻ മസാല വിൽക്കുന്നവർക്കെതിരെ കർശന നടപടിയാണ് ആരോഗ്യവിഭാഗം
സ്വീകരിക്കുന്നത്.