തണലേകിയവര്‍ക്ക് തണലാകുവാന്‍ യുവജനങ്ങളും ;ജില്ലയിൽ ബോധവത്കരണ പരിപാടി ജൂണ്‍ 15 ന്
മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെയും ലോകാരോഗ്യ സംഘടനയുടെയും നേതൃത്വത്തില്‍ ജൂണ്‍ 15 ന് അന്താരാഷ്ട ബോധവത്ക്കരണ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പ്രായമേറിയവര്‍ക്ക് നേരേയുള്ള ലിംഗാടിസ്ഥാനത്തിലുള്ള അക്രമത്തെ നേരിടല്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ കരുതലും സംരക്ഷണവും നല്‍കുന്നതില്‍ യുവജനങ്ങളുടെ പങ്ക് വളരെ വലുതാണ്. ഈ പശ്ചാത്തലത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ്, കട്ടപ്പന സാമൂഹ്യ സുരക്ഷാ മിഷന്‍ ഓഫീസ്, വോസാര്‍ഡ് കട്ടപ്പന, സെന്റ് സെബാസ്റ്റ്യന്‍ കോളേജ്, സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്സിംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'തണലേകിയവര്‍ക്ക് തണലാകുവാന്‍ യുവജനങ്ങളും' എന്ന പേരിലാണ് വ്യാഴാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച രാവിലെ 8 .30 ന് കട്ടപ്പന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കുട്ടികളുടെ ഫ്ലാഷ് മോബ്, ലഘു ലേഖ വിതരണം എന്നിവ നടക്കും. 9 മണിക്ക് ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന റാലി കട്ടപ്പന ഡിവൈഎസ്പി ഫ്ളാഗ്ഓഫ് ചെയ്യും. 10 മണിക്ക് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തണലേകിയവര്‍ക്കു തണലാകുവാന്‍ യുവജനങ്ങളുടെ പങ്ക് എന്നവിഷയത്തെക്കുറിച്ച് സൈക്കോളജിസ്റ് അനുജ മേരി തോമസ്, മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണ നിയമത്തെ കുറിച്ച് അഡ്വ. മഞ്ജിമ എന്നിവര്‍ ക്ലാസ് നയിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി ജെ, സാമൂഹ്യ സുരക്ഷാ മിഷന്‍ കോ ഓഡിനേറ്റര്‍ ഷിന്റോ ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.