കാട്ടാനകളുടെ വിളയാട്ടം പീരുമേട് മേഖലയിൽ തുടരുന്നു
പീരുമേട്: കാട്ടാനകളുടെ വിളയാട്ടം പീരുമേട് മേഖലയിൽ തുടരുന്നു. ഗോത്ര മേഖലയായ പ്ലാക്ക തടത്തിലാണ് ആനകൾ ആദ്യം എത്തിയത് തുടർന്ന് തോട്ടാപുര, കച്ചേരി കുന്ന്, സിവിൽ സ്റ്റേഷൻ, ഗസ്റ്റ് ഹൗസ്, കല്ലാർ മേഖലകളിൽ വ്യാപക കൃഷിനാശം വരുത്തിയതിനു ശേഷം ഇന്നലെ തട്ടാത്തി കാനം കുട്ടിക്കാനം മേഖലകളിൽ എത്തി. പീരുമേട് പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഇപ്പോൾ രണ്ടു കൊമ്പനും ഒരു പിടിയുമടങ്ങുന്ന സംഘമാണ് വിലസുന്നത്.
കല്ലാർ മേഖലയിൽ ഒരു കൊമ്പനും പിടിയുമാണുള്ളത്. ഒരേ സമയം 9 ആനകളെ ഇതു വരെ വിവിധ സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്. ഇന്നലെ രാത്രിയിൽ തോട്ടാപുര കോവിലകം ഭാഗത്ത് എത്തിയ ആനകളെ നാട്ടുകാരും വനം വകുപ്പ് ഉദ്ദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. ഈ ആന കൂട്ടമാണ് കുട്ടിക്കാനം ഉണ്ണികുഴിയിൽ സുനിലിൻ്റെ പുരയിടത്തിലെത്തി വ്യാപക നാശം വരുത്തിയത്. വീടിൻ്റെ മുറ്റം വരെയെത്തിയ ആനകൾ തെങ്ങ്, പന , വാഴ എന്നിവ നശിപ്പിച്ചു. വാട്ടർടാങ്ക്, ഡിഷ്, കോഴി കൂട് എന്നിവ ചവിട്ടി മറിച്ചു.
സുനിലും മതാവും അയൽ വീട്ടിൽ അഭയം തേടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. പടക്കം പൊട്ടിച്ച് ആനകളെ വിരട്ടുന്നതിനു പകരം ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.