തെരഞ്ഞെടുപ്പ് ആവേശത്തിന് ഇന്ന്കൊട്ടിക്കലാശം; ഡീനും സംഗീതയും തൊടുപുഴയിൽ,ജോയ്സ് കട്ടപ്പനയിൽ
സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. യഥാര്‍ത്ഥ ചൂടിനൊപ്പം ഈ പ്രചാരണ ചൂടുംതാണ്ടിയാണ് ഇന്ന് ആവേശക്കൊടുമുടിയില്‍ കലാശക്കൊട്ട്.രാവിലെ മുതല്‍ മണ്ഡലത്തെ ഇളക്കിമറിച്ച് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ നടക്കും. മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ട്. വർണക്കടലാസുകൾ വാരിവിതറുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം ആറിന് പരസ്യപ്രചാരണം നിര്‍ത്തും. നാളെ നിശബ്ദപ്രചാരണത്തിൻ്റെ ഒരു ദിവസം കൂടി പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണം കഴിഞ്ഞ് മറ്റന്നാളാണ് കേരളം വിധിയെഴുതുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ഡീൻ കുര്യാക്കോസിൻ്റെ കൊട്ടിക്കലാശം തൊടുപുഴയിലാണ്. കോതമംഗലത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ തൊടുപുഴയിൽ സമാപിക്കും.എല്‍ഡിഎഫ് കൊട്ടിക്കലാശം കട്ടപ്പനയില്‍ നടക്കും. പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ ആയിരങ്ങൾ സ്ഥാനാര്‍ഥി അഡ്വ. ജോയ്‍സ് ജോര്‍ജിനൊപ്പം അണിനിരക്കും. പകല്‍ 2.20ന് ചെറുതോണിയില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് റോഡ് ഷോ ഫ്ലാഗ്ഓഫ് ചെയ്യും. എൽഡിവൈഎഫ് പ്രവർത്തകരുടെ കൂറ്റൻ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയിലാകും റോഡ്ഷോ. ഇടുക്കി, മരിയാപുരം, തങ്കമണി വഴി കട്ടപ്പന ഇടുക്കി കവലയിലെത്തും. കലാശക്കൊട്ട് നഗരംചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിക്കും.
എൻ ഡി എ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ്റെ കൊട്ടിക്കലാശം തൊടുപുഴയിലാണ്.