ഭൂ നിയമ ഭേദഗതി ബില്ല് കോൺഗ്രസ് ഇടുക്കിയിലെ ജനങ്ങളെ ചതിക്കുന്നു: മന്ത്രി കെ രാജൻ

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കാൻ നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂ നിയമ ഭേദഗതി ബില്ല് തടഞ്ഞുവച്ചത് ഗവർണർ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് മന്ത്രി കെ രാജൻ. അതിന് കുട പിടിക്കുന്ന കോൺഗ്രസ് ജില്ലയിലെ ജനങ്ങളെ ചതിക്കുകയാണ്. അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാങ്കുളത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആയിരക്കണക്കിനാളുകളുടെ പട്ടയസ്വപ്നമാണ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗവർണർ ഇല്ലാതാക്കിയത്.
ബില്ല് അവതരിപ്പിക്കുന്ന സമയത്ത് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച മാത്യു കുഴൽനാടൻ ഉയർത്തുന്ന സന്ദേശം എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. ഇത് വരെ ബില്ല് അംഗീകരിക്കാതെ, തള്ളാതെ, രാഷ്ട്രപതിക്ക് വിടാതെ, ഒപ്പിടാതെ തടഞ്ഞുവയ്ക്കുന്ന ഗവർണറുടെ നടപടി ജനങ്ങളെ ദുരിതത്തിലാക്കി. രാജ്യത്തെ ജനങ്ങളുടെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടതുപക്ഷ സ്ഥാനാർഥി അഡ്വ ജോയ്സ് ജോർജിന്റെ വിജയം അനിവാര്യമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. യോഗത്തിൽ സന്തോഷ് വയലുംക്കര അധ്യക്ഷനായി.
അഡ്വ. എ രാജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, അഡ്വ. എം എം മാത്യു, ജയ മധു, ജോൺസൺ മാത്യു, കെ കെ ദിലീപ്കുമാർ, പി വി റോയ്, എ പി സുനിൽ എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴി, തോപ്രാംകുടി എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളും മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.