അടിമാലിയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതികളെ പോലീസ് തെളിവെടുപ്പിനെത്തിച്ചു

അടിമാലിയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് തെളിവെടുപ്പിനെത്തിച്ചു.കൊല്ലം സ്വദേശികളായ അലക്‌സ്, കവിത എന്നിവരെ ഇന്നലെ പോലീസ് പാലക്കാട് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.ശനിയാഴ്ച്ച വൈകിട്ടാണ് അടിമാലി ടൗണിന് സമീപം താമസിക്കുന്ന ഫാത്തിമയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് പാലക്കാട് നിന്നും കസ്റ്റഡിയില്‍ എടുക്കുന്നത്.മോഷണ ശ്രമത്തിനിടെയാണ് പ്രതികള്‍ വയോധികയായ ഫാത്തിമയെ കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി റ്റി കെ വിഷ്ണു പ്രദീപ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ; അലക്‌സും കവിതയും സഹപാഠികളായിരുന്നു. ഇരുവരും വെവ്വേറെ വിവാഹിതരുമായിരുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇരുവരും വീണ്ടും കണ്ടുമുട്ടുകയും പിന്നീട് ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്തു.ജോലി തിരക്കിയാണ് ഇവര്‍ ഈ മാസം 5 ന് അടിമാലിയില്‍ എത്തിയത്. ടൗണില്‍ ലോഡ്‌ജെടുത്ത് താമസം ആരംഭിച്ചു. വാടകക്ക് വീട് തിരയാനെന്ന വ്യാജേന ചുറ്റിത്തിരയവെയാണ് ഇവര്‍ ഫാത്തിമയുടെ അടുക്കലെത്തുന്നതും അടുപ്പം സ്ഥാപിക്കുന്നതും.ഫാത്തിമയുടെ കൈവശം സ്വര്‍ണ്ണാഭരണമുള്ള വിവരം പ്രതികള്‍ നേരത്തെ മനസ്സിലാക്കി. സംഭവം നടന്ന ദിവസം ഇവര്‍ ഫാത്തിമയുടെ വീടിന് സമീപമെത്തി ചുറ്റുപാട് നിരീക്ഷിച്ചു. മകന്‍ പുറത്ത് പോയി ഫാത്തിമ തനിച്ചാണെന്ന് മനസ്സിലാക്കിയ ശേഷം പ്രതികള്‍ ഫാത്തിമയുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളമാവശ്യപ്പെട്ടു.
വയോധിക അകത്തേക്ക് പോയ തക്കം നോക്കി പ്രതികള്‍ വീടിനുള്ളില്‍ വച്ച് ആക്രമിക്കുകയും കൈയ്യില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.ഫാത്തിമയുടെ ശരീരത്തില്‍ നിന്നും രണ്ട് പവന്‍ തൂക്കം വരുന്ന മാലയും ഒരു കൈയ്യില്‍ കിടന്നിരുന്ന വളയും മാലയില്‍ കിടന്നിരുന്ന ലോക്കറ്റും മൊബൈല്‍ഫോണും പ്രതികള്‍ കൈക്കലാക്കി. പിന്നീട് മാല അടിമാലിയില്‍ തന്നെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തി 60,000 രൂപ സ്വന്തമാക്കി. വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഉപേക്ഷിച്ചു. സംഭവ ശേഷം ഇരുവരും ടാക്‌സി വിളിച്ച് കോതമംഗലത്തെത്തി. അവിടെ നിന്ന് ബസില്‍ ആലുവയിലും എറണാകുളത്തുമെത്തി. തമിഴ്‌നാട്ടിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നലെ രാവിലെ പ്രതികള്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. സംശയത്തിന്റെ നിഴലിലായെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തൃശൂരില്‍ വച്ച് മുടി വെട്ടി രൂപമാറ്റം വരുത്താന്‍ ശ്രമിച്ചു.ഒടുവില്‍ പാലക്കാട് മുകുന്ദപുരത്തു നിന്നും പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.
അടിമാലിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്വര്‍ണ്ണം പണയപ്പെടുത്തിയ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കൃത്യം നടത്തിയ വീട്ടിലും ഇവരെ തെളിവെടുപ്പിനായി എത്തിക്കും.സ്വര്‍ണ്ണം പണയപ്പെടുത്തി ലഭിച്ച തുക ഉപയോഗിച്ച് പ്രതികള്‍ ഒരു പഴയ മൊബൈല്‍ ഫോണും വാങ്ങിയിരുന്നു.സമീപവാസികളുടെയും മറ്റും മൊഴികള്‍ പ്രതികളിലേക്കെത്താന്‍ പോലീസിന് സഹായകരമായി.ഇരുവരേയും അടിമാലിയില്‍ നിന്ന് കോതമംഗലത്തെത്തിച്ച ടാക്‌സി ഡ്രൈവര്‍ നല്‍കിയ സൂചനകളും പോലീസിന് സഹായമായി.ഇടുക്കി ഡിവൈഎസ്പി സാജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.