മുന്നറിയിപ്പില്ലാതെ ഡോക്ടർമാർ അവധിയിൽ; ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗികൾ

ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലാതിരുന്നത് രോഗികളെ വലിച്ചു. 5 ഡോക്ടർമാർ വേണ്ട ഇവിടെ നിലവിൽ രണ്ടുപേർ മാത്രമാണുള്ളത്. ഇവർ രണ്ടുപേരും അവധിയെടുത്തതോടെയാണ് രോഗികൾ ചികിത്സ ലഭിക്കാതെ വലഞ്ഞത്. ഉപ്പുതറ സർക്കാർ ആശുപത്രിയിൽ 5 ഡോക്ടർമാരും 6 നഴ്സുമാരും ആണ് വേണ്ടത്. എന്നാൽ നിലവിൽ രണ്ട് ഡോക്ടർമാരും മൂന്ന് നഴ്സുമാരും മാത്രമേയുള്ളൂ. ഒരു ഡോക്ടർ കഴിഞ്ഞ ശനിയാഴ്ച മുതൽ അവധിയിലാണ്. മെഡിക്കൽ ഓഫീസർ ഇന്ന് ഉച്ചവരെ രോഗികളെ പരിശോധിച്ചിരുന്നു.
ഉച്ചയ്ക്ക് ശേഷം ഇദ്ദേഹം അവധിയെടുത്ത് പോയി.ശനിയാഴ്ച അവധിയെടുത്ത ഡോക്ടർ ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇദ്ദേഹം മുന്നറിയിപ്പില്ലാതെ എത്താതിരുന്നതാണ് രോഗികളെ വലിച്ചത്. ജീവനക്കാർ ഡോക്ടറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മെഡിക്കൽ ഓഫീസർ വിളിച്ചപ്പോഴാണ് ഇദ്ദേഹം, എത്തില്ലെന്ന് അറിയിച്ചത്. ഏറെ ദൂര സ്ഥലത്തുനിന്നുള്ള തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളുടെ ഏക ആശ്രയമാണ് ഉപ്പുതറ സർക്കാർ ആശുപത്രി.
ആവശ്യത്തിനു ഡോക്ടർമാരും മറ്റു ജീവനക്കാരും ഇവിടെ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അപ്രതീക്ഷിതമായി ഡോക്ടർമാർ രണ്ടുപേരും അവധിയിൽ പ്രവേശിച്ചതോടെ ഓ പി യും അത്യാഹിത വിഭാഗവും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. സാധാരണക്കാരായ രോഗികൾ ഉൾപ്പെടെയുള്ളവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ട അവസ്ഥയിലാണ് ഇപ്പോൾ.