നന്ദകുമാറിന്റെ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഉമ തോമസ് എം എൽ എ . തന്നെ കുറിച്ച് പറഞ്ഞതിൽ യാതൊരു വാസ്തവവും ഇല്ല. അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു

സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് തന്റെ കൈയിൽനിന്ന് അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദകുമാറിൻ്റെ ആരോപണം. ആരോപണം അനിൽ ആന്റണി നിഷേധിച്ച സാഹചര്യത്തിൽ തെളിവ് പുറത്തുവിടുമെന്നാണ് നന്ദകുമാർ പറയുന്നത്.
അനിൽ ആന്റണി വലിയ ദല്ലാളാണ്. ഡിഫൻസ് മിനിസ്റ്റർ പദവി, യു.പി.എ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഇടനിലക്കാരനാണ് അനിൽ ആന്റണി. തനിക്ക് പണം തിരിച്ച് നൽകാൻ പി.ജെ. കുര്യനും പി.ടി. തോമസും ഇടപ്പെട്ടിരുന്നു. പി.ജെ. കുര്യൻ ഇടനിലക്കാരനായി നിന്നാണ് തന്റെ പണം തിരികെ കിട്ടിയത്. 2014 ൽ എൻ.ഡി.എ സർക്കാർ വന്നപ്പോൾ സി.ബി.ഐക്ക് താൻ പരാതി നൽകാനിരുന്നതായിരുന്നു. കുര്യൻ തന്നെ തടഞ്ഞു. അന്ന് പണം തിരികെ ലഭിച്ചതുകൊണ്ടാണ് പരാതി നൽകാതിരുന്നത്.ഈ വിഷയത്തിൽ, പത്തനംതിട്ടയിൽ സ്വന്തം ചിലവിൽ സംവാദത്തിന് തയാറാണെന്ന് നന്ദകുമാർ പറയുന്നു. ഇതിനുപുറമെ, ഇത്തവണ സ്ഥാനാർഥിയായിട്ടുള്ള ബി.ജെ.പിയുടെ തീപ്പൊരി നേതാവ് തന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങിയിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു.
2013 ഏപ്രിലിൽ ഡൽഹി അശോക ഹോട്ടലിൽവെച്ചാണ് പണം കൈമാറിയതെന്ന് നന്ദകുമാർ ആരോപിച്ചു. സി.ബി.ഐ. ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹക്ക് കൈമാറാനാണ് അനിലിന് പണം കൊടുത്തത്. എന്നാൽ, നിയമനം ലഭിക്കാതെ വന്നതോടെ, പണം തിരികെനൽകാൻ അനിൽ തയ്യാറായില്ല. പി.ജെ. കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, പി.ടി. തോമസ് ഇടപെട്ടിട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചത്. എൻ.ഡി.എ. മന്ത്രിസഭ വന്നപ്പോൾ, പരാതികൊടുക്കാൻ ശ്രമിച്ചിരുന്നു. ആവേളയിൽ പി.ജെ. കുര്യനാണ് പിന്തിരിപ്പിച്ചത്.
രഞ്ജിത്ത് സിൻഹയുടെ നിയമനത്തിലും അനിൽ ആന്റണിക്ക് പങ്കുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ, ഒബ്രോയ് ഹോട്ടൽ കേന്ദ്രീകരിച്ച് അറിയപ്പെടുന്ന ദല്ലാളായിരുന്നു അനിൽ. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽനിന്ന് ആയുധ ഡീലുകളുടെ രേഖകൾ ഉൾപ്പെടെ പുറത്തുവിട്ടു. ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തി. ഈ വിഷയത്തിൽ, അന്വേഷണം തുടങ്ങിയപ്പോഴാണ് പിടിക്കപ്പെടാതിരിക്കാനായി ബി.ജെ.പി.യിൽ ചേർന്നതെന്നാണ് നന്ദകുമാറിന്റെ ആക്ഷേപം