സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന; ആഗോളവിപണിയിലും സ്വര്‍ണവില വര്‍ധിച്ചു
സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വര്‍ണ വില 52800 രൂപയുമായി. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കു ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് മണിക്കൂറുകൾക്കിടെ സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവുണ്ടായത്.അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചത്.
ഇന്ന് രാവിലെ സ്വര്‍ണവില ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു.240 രൂപയായിരുന്നു പവന് രാവിലെ ഉയര്‍ന്നത്. ഉച്ചയ്ക്ക് ശേഷവും വര്‍ധനവുണ്ടായതോടെ സ്വര്‍ണവിലയിൽ ഇന്ന് മാത്രം പവന് 440 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലത്തെ സ്വര്‍ണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഏപ്രിൽ 6 ന് ഒരു പവന് 1160 രൂപ വർധിച്ച് സ്വര്‍ണ വില കേരളത്തിൽ പവന് 52280 രൂപയിലെത്തിയിരുന്നു. ഈ വില ഇന്നലെയും തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും രണ്ട് വട്ടമായി വര്‍ധന രേഖപ്പെടുത്തിയത്.