വോട്ടര്‍മാരെ ഒഴിവാക്കല്‍; പരാതി നല്‍കി സിപിഐ എം
ചെറുതോണി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇടുക്കി ജില്ലയില്‍ താമസം ഉറപ്പിച്ച തമിഴ് സംസാരിക്കുന്ന വോട്ടര്‍മാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പരാതി നല്‍കി. തലമുറകളായി ഇവിടെ ജീവിച്ചു വരുന്ന വോട്ടര്‍മാരെ വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. വോട്ടര്‍ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള അവസരം കഴിഞ്ഞതിന് ശേഷം വോട്ടര്‍ പട്ടിക ജനുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോള്‍ നടക്കുന്നത് പുതിയ വോട്ടര്‍മാരുടെ കൂട്ടിച്ചേര്‍ക്കലുകള്‍ മാത്രമാണ്. വോട്ടര്‍മാരെ കേള്‍ക്കാതെ വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിച്ചമക്കുന്ന പരാതികളുടെ മേല്‍ റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ട് വോട്ടവകാശം നിഷേധിക്കുന്നത് ചട്ടലംഘനമാണ്. ഇത്തരം നടപടികളില്‍ നിന്ന് ജില്ലാ കളക്ടര്‍ പിന്‍മാറണം. വോട്ടര്‍മാരെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സിപിഐ എം പരാതി നല്‍കിയിട്ടുള്ളത്.