വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കി ജില്ലയിലെ തോട്ടം മേഖലയെ ഇടതുപക്ഷ ഗവൺമെന്റ് മാറ്റിയെന്ന് ഡീൻ കുര്യാക്കോസ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ടമാണ് ഉപ്പുതറയിലെ വിവിധ മേഖലകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചരണം നടത്തിയത്. കണ്ണമ്പടി ആദിവാസി മേഖല, മൂന്നാം ഡിവിഷൻ തോട്ടം മേഖലാ എന്നിവിടങ്ങളിൽ പ്രചരണം നടത്തി. അടുത്ത അഞ്ചാം തീയതി മുതൽ യു ഡി എഫ് പരസ്യപ്രചരണം ആരംഭിക്കുകയാണ്.
അതിന്റെ മുന്നോടിയായിട്ടാണ് വിവിധ മേഖലകളിൽ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രവർത്തനത്താൽ തോട്ടം മേഖല പ്രതിഷേധത്തിലാണ്. ഇത് ഈ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി മാറും. തോട്ടം തൊഴിലാളികൾക്കായി വിവിധങ്ങളായ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ല. അതുകൊണ്ടുതന്നെ പ്രതിഷേധം രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പാണ് തോട്ടം മേഖലയിൽ നിന്ന് ഉണ്ടാകാൻ പോകുന്നത്. നിലവിൽ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കി ജില്ലയിലെ തോട്ടം മേഖലയെ ഇടതുപക്ഷ ഗവൺമെന്റ് മാറ്റി.
നാളിതുവരെ എംപി ആയിരുന്ന കാലഘട്ടത്തിൽ തോട്ടം മേഖലയ്ക്കായി ബൃഹത്തായ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം മുന്നോട്ടുവച്ചുവെങ്കിലും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അതിനായി ഒരു നടപടിയും കൈകൊണ്ടില്ല. അടുത്ത ഒരു അവസരം ലഭിക്കുമെങ്കിൽ തോട്ടം മേഖലയുടെ ഉന്നമനത്തിനായിട്ടുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും ഡീൻ കുര്യാക്കോസ് ഉപ്പുതറയിൽ പറഞ്ഞു.
തോട്ടം ആദിവാസി മേഖലയിൽ വലിയ സ്വീകരണമാണ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ലഭിച്ചത്. തോട്ടം ലയങ്ങളിലെ തൊഴിലാളികൾ മാലയിട്ട് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഒപ്പം തങ്ങളുടെ വിവിധങ്ങളായ പ്രതിസന്ധികളും അറിയിച്ചു. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി വീണ്ടും കേന്ദ്രത്തിലും സംസ്ഥാനത്തിലും സമ്മർദ്ദം ചെലുത്തുമെന്നും ഡീൻ കുര്യാക്കോസ് ഉറപ്പ് നൽകി .പര്യടനത്തിന്റെ ഭാഗമായി വിവിധ യുഡിഎഫ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.