ഗൂഗിൾ സൈറ്റ് ബ്ലോക്ക് ചെയ്തു ; സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ് അഞ്ചുരുളി; കുടിയിറക്ക് നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം
വിശേഷ ദിവസങ്ങളിൽ അഞ്ചുരുളിയെ മനോഹരിയാക്കുന്നത് ഇവിടുത്തെ തിരക്കാണ്. എന്നാൽ ഈ ഈസ്റ്റർ ദിനത്തിൽ പോലും സാധാരണ ഉണ്ടാകാറുള്ള തിരക്കുണ്ടായില്ല. ചൂട് ഒരു കാരണമെങ്കിലും ഇത്രയധികം ആളുകളുടെ കുറവ് സാധാരണ ഒരു കാലാവസ്ഥയിലും ഉണ്ടാവാറില്ല. മാത്രമല്ല അടുത്തിടയിൽ അഞ്ചുരുളിയിലെ സഞ്ചാരികളുടെ കുറവ് ശ്രദ്ധേയമായിരുന്നു. ഇതോടെയാണ് അഞ്ചുരുളിയുടെ ഗൂഗിൾ സൈറ്റ് ശ്രദ്ധയിൽപ്പെട്ടത് .സൈറ്റ് കുറെ ദിവസങ്ങളായി ബ്ലോക്കാക്കിയിരിക്കുകയാണ്. ഇതാണ് ഇവിടേക്ക് സഞ്ചാരികൾ വരുന്നതിന് തടസം ഉണ്ടാക്കിയത്.
അഞ്ചുരുളിയുടെ തുരങ്കമുഖത്തേക്കിറങ്ങുന്നത് അണക്കെട്ട് സുരക്ഷാ വിഭാഗം തടഞ്ഞിരുന്നു. ഇത് ജനങ്ങളിൽ പ്രതിഷേധവും ഉയർത്തിയിരുന്നു. രാത്രിയിൽ ആരോ ഗെയിറ്റ് തകർക്കുകയും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ചർച്ച ചെയ്തു തുരങ്കമുഖത്തേക്കിറങ്ങുന്നത് വിലക്കരുതെന്ന് തീരുമാനവും എടുത്തിരുന്നു .ഇതിന് പിന്നാലെയാണ് ഗൂഗിളിൽ സൈറ്റ് ബ്ലോക്ക് ചെയ്തത്. അഞ്ചുരുളിയുടെ വിനോദ സഞ്ചാര മേഖലയെ തകർത്ത് കുടിയിറക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നും ആരോപണമുണ്ട്. ഈസ്റ്റർ ദിനത്തിൽ വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ച് സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികളും പ്രതിസന്ധിയിലായി. സാധാരണ ദിവസങ്ങളിൽ നടക്കുന്ന വ്യാപാരം പോലും നടക്കാത്തതിനാൽ വ്യാപാരികളും നിരാശരായി. അഞ്ചുരുളിയുടെ ഗൂഗിൾ സൈറ്റ് നിരോധിച്ച നടപടി ഉടൻ പിൻവലിച്ച് വിനോദ സഞ്ചാരികൾ എത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.