മധ്യ വേനലവധിക്കാലം ആയിട്ടും ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു
സഞ്ചാരികളിലൊരാൾ ഡാമിൽ കടന്ന് താഴിട്ടു പൂട്ടിയതിനെ തുടർന്ന് സുരക്ഷ ക്രമീകരണങ്ങളുടെ പേരിലാണ് അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്.ഇടുക്കി അണക്കെട്ടിലെ സുരക്ഷ മറികടന്നെത്തിയ സഞ്ചാരികളിലൊരാൾ പതിനൊന്ന് സ്ഥലത്ത് താഴിട്ടു പൂട്ടിയത് സെപ്റ്റംബർ ഏഴിനാണ് കെഎസ്ഇബി കണ്ടെത്തിയത്. ഇതോടെ അണക്കെട്ടിലേക്കുള്ള സന്ദർശനം നിരോധിച്ചു. തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് ക്രിസ്മസ് പുതു വത്സരം പ്രമാണിച്ച് പത്തു ദിവസം സഞ്ചാരികളെ പ്രവേശിപ്പിച്ചു. ഡാമുകൾക്ക് മുകളിലൂടെ കാൽനടയാത്ര പോലീസ് വിലക്കിയതോടെ കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ ബഗ്ഗികാറിലാണ് സഞ്ചാരികളെ കൊണ്ടു പോയത്. ഡിസംബർ 31 ന് ഇതും അവസാനിപ്പിച്ചു. അണക്കെട്ട് കാണാൻ അവസരമില്ലാത്തതിനാൽ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു. ടൂറിസം രംഗത്തു നിന്നു കിട്ടിയിരുന്ന വരുമാനവും നിലച്ചതോടെ ചെറുതോണിക്കാർ കടുത്ത പ്രതിസന്ധിയിലായി. സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചു വിടാനും തുടങ്ങി. നിരവധി നിവേദനങ്ങൾ നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായില്ല എന്ന് വ്യാപാരികൾ പറയുന്നു.മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് ചെറുതോണിയിലെ വ്യാപാരികളുംടെയും ടൂറിസം രംഗത്തുള്ളവരുടെയും തീരുമാനം.