സത്രം എയർസ്ട്രിപ്പിന്റെ നിർമാണം ഓഗസ്റ്റ് 15 നകം പൂർത്തിയാക്കാൻ തീരുമാനം
പീരുമേട് സത്രം എൻസിസി എയർ സ്ട്രിപ്പിന്റെ ഒലിച്ചുപോയ ഭാഗങ്ങൾ പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ 6 കോടി രൂപ അനുവദിച്ചു. ഓഗസ്റ്റ് 15നകം എയർ സ്ട്രിപ് നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. നിർമാണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ പ്രളയത്തിൽ ഇവിടെ സംരക്ഷണ ഭിത്തികൾ ഉൾപ്പെട്ടടെ ഒലിച്ചു പോയിരുന്നു. ഇതോടെ പ്രവർത്തനങ്ങളുടെ വേഗം കുറഞ്ഞു. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുക അനുവദിക്കുകയായിരുന്നു.
1.400 കിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡ് നിർമിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഒരു കിലോമീറ്റർ ദൂരം സ്വകാര്യ എസ്റ്റേറ്റിന്റെ റോഡ് വിട്ടുകിട്ടുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അറിയിച്ചു. ഇതിനൊപ്പം വാച്ച് ടവറും നിർമിക്കും.
ഓഗസ്റ്റിൽ കെഡറ്റുകൾക്ക് പരിശീലനം തുടങ്ങാനാണ് എൻസിസിയുടെ തീരുമാനം. 2017ലാണ് 650 മീറ്റർ ദൂരം വരുന്ന റൺവേയുടെ നിർമാണം ആരംഭിച്ചത്.