വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവം; സരുൺ സജിയുടെ കേസ് സങ്കീർണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. കെ. ബീനാകുമാരി
വനം വകുപ്പ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ആദിവാസി യുവാവ് സരുൺ സജിയുടെ കേസ് സങ്കീർണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. കെ. ബീനാകുമാരി. സരുൺ നൽകിയ പരാതിയിൽ പീരുമേട് ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങിനു ശേഷമാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
മയക്കുമരുന്നു കള്ളക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഷീല സണ്ണിയുടെ കേസിനു സമാനമാണ് ഇത്. നിരപരാധികളായ രണ്ടു പേർക്കും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നതായും ബീനാ കുമാരി പറഞ്ഞു . കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇരുവർക്കും നേരിടേണ്ടി വന്നതെന്നും, രണ്ടു വശവും നന്നായി പഠിച്ചശേഷമേ തീർപ്പുകൽപ്പിക്കാൻ കഴിയുകയുള്ളു എന്നും കമീഷൻ പറഞ്ഞു.30 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് സരുൺ സജി മനുഷ്യാവകാശ കമീഷന് പരാതി നൽകിയത്.
ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി. രാഹൂൽ', കിഴുകാനം റേഞ്ച് ഫോറസ്റ്റർ ഉൾപ്പെടെ കേസിൽ എതിർ കക്ഷികളായ ഒൻപതു പേരും , അവർക്കു വേണ്ടി അഭിഭാഷകരും കമീഷനു മുന്നിൽ ഹാജരായി. നേരിട്ടു കക്ഷിയല്ലെന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട് ബി. രാഹൂൽ വെള്ളിയാഴ്ച കമീഷന് പ്രത്യേക അപേക്ഷ നൽകി. സരുൺ സജിക്കുവേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകൻ അരുൺ ദാസ് ഇതിനെ എതിർത്തു. അടുത്ത സിറ്റിങ്ങിനു മുൻപ് രേഖാമൂലം മറുപടി നൽകാൻ സരുൺ സജിയോട് കമീഷൻ നിർദ്ദേശിച്ചു. അടിസ്ഥാനമില്ലാത്ത വാദം നിരത്തി കേസ് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് പുതിയ അപേക്ഷയെന്ന് സരുൺ സജി ആരോപിച്ചു. വകുപ്പുതല അന്വേഷണത്തിനും, ശിക്ഷാ നടപടിക്കുമെതിരെ ബി. രാഹുൽ നൽകിയ അപേക്ഷ സർക്കാർ നേരത്തെ നിരസിച്ചിരുന്നു. 2022 നവംബർ 20 നാണ്കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
കാട്ടിറച്ചി കടത്തി എന്നാരോപിച്ച് കണ്ണംപടി മുല്ല പുത്തൻ പുരയ്ക്കൽ സരുൺ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്യുകയായിരുന്നു.പിടിച്ചെടുത്ത മാംസം വന്യജീവിയുടേതല്ലന്നും , കേസ് കെട്ടിച്ചമച്ചതാണെന്നും പിന്നീടു കണ്ടെത്തി. രജിസ്റ്റർ ചെയ്ത കേസ് വനം വകുപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മനുഷ്യാവകാശ - പട്ടികവർഗ കമീഷനുകളുടെ ഇടലുണ്ടായതോടെ വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ , കിഴുകാനം റേഞ്ച് ഫോറസ്റ്റർ ടി.അനിൽ കുമാർ ഉൾപ്പെടെ 13 ഉദ്യോഗസ്ഥർക്കെതിരെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പോലീസും കേസെടുത്തു. എന്നാൽ കോടതിയിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതി തേടി ജനുവരിയിൽ സർക്കാരിന് പോലീസ് കത്തു നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.