പീരുമേട് പ്രചാരണം നടത്തി ഡീൻ കുര്യാക്കോസ്
പീരുമേട് : പീരുമേട് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ പ്രചരണം നടത്തിയത്.രാവിലെ 8 മണിക്ക് അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ നിന്നാണ് പ്രചാരണ പരിപാടികൾക്ക് ഡീൻ കുര്യാക്കോസ് തുടക്കമിട്ടത്.
മേരികുളം, മാട്ടുക്കട്ട, പരപ്പ് എന്നിവിടങ്ങളിൽ കടകൾ കയറിയും ആരാധനാലയങ്ങൾ സന്ദർശിച്ചുമാണ് യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചത്.വിദ്യാലയങ്ങൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച ഡീൻ കുര്യാക്കോസ് വ്യക്തികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുവാനും സമയം കണ്ടെത്തി.
ഇതിനിടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിനിധി ഡീൻ കുര്യാക്കോസിനെ നേരിൽ കണ്ട് സമരത്തിന് പിന്തുണ അഭ്യർത്ഥിച്ചു.നിലനിൽപ്പിനായി സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നിലപാട് നീതികരിക്കാനാകില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 12 ന് അവസാനിക്കുകയാണ്. നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്തു ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണം. നാല് വർഷമായ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെയും നിയമനം നൽകാത്തത് യുവാക്കളോടുള്ള വഞ്ചനയാണെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.ഉച്ചക്ക് വോട്ട് അഭ്യർത്ഥിച്ചു ഉപ്പുതറ ടൗണിൽ എത്തിയ ഡീൻ കുര്യാക്കോസിനെ തൊഴിലാളികളും വിദ്യാർത്ഥികളും ഹരിത കർമ്മ സേനയിലെ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
വൈകുന്നേരം വാഗമൺ ടൗണിൽ വോട്ടർമാരെ കണ്ട ശേഷം യുഡിഎഫ് വാഗമൺ മണ്ഡലം കൺവെൻഷനിലും ഡീൻ കുര്യാക്കോസ് പങ്കെടുത്തു.ഏലപ്പാറയിൽ പള്ളികളിലും അമ്പലങ്ങളിലും പ്രധാന സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു എത്തി.
പെരുവന്താനത്തെ വിവിധ പള്ളികളിൽ നോമ്പ് മുറിക്കൽ ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് ഡീൻ കുര്യാക്കോസ് ഇന്നലെ പര്യടനം അവസാനിപ്പിച്ചത്.