കട്ടപ്പന ഇഎസ്‌ഐ ആശുപത്രിയില്‍ 150 കോടിയുടെ പദ്ധതിക്ക് ടെൻഡര്‍ നടപടികള്‍ തുടങ്ങി

കട്ടപ്പനയില്‍ അനുവദിച്ച പുതിയ ഇഎസ്‌ഐ ആശുപത്രിയുടെ ടെൻഡർ നടപടികള്‍ തുടങ്ങി. 150 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.
100 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തോടൊപ്പം 32 സ്റ്റാഫ് ക്വാർട്ടേഴ്സ് കൂടി നിർമിക്കുന്നതിനുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. കട്ടപ്പന നഗരസഭ വിട്ടുനല്‍കിയ 4.6 ഏക്കർ സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വരുന്നത്. ഇന്നലെ മുതല്‍ ടെൻഡർ ഓണ്‍ലൈനായി ക്ഷണിച്ചു തുടങ്ങി. അടുത്ത മാസം 17 വരെ ടെൻഡർ നല്‍കാം.
മലയോര മേഖലയിലെ തൊഴിലാളികള്‍ക്കും സാധാരണക്കാർക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്തുന്നതിന് സഹായകരമായ പദ്ധതിയാണ് ഇത്. രണ്ടു വർഷങ്ങള്‍ക്കുള്ളില്‍ പദ്ധതി പൂർത്തീകരിച്ചു ഭാവിയില്‍ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്തുമെന്നും ഡീൻ അറിയിച്ചു.
ഇഎസ്‌ഐ പരിരക്ഷ ലഭിക്കുന്ന നിരവധി തൊഴിലാളികള്‍ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിന്‍റെ പരിധിയിലുണ്ട്. എന്നാല്‍, ആശുപത്രി ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല.
ഇഎസ്‌ഐയില്‍ ഇൻഷ്വർ ചെയ്ത 18,000 വ്യക്തികളാണ് ഇടുക്കി ജില്ലയില്‍ മാത്രമുള്ളത്. ഇഎസ്‌ഐ കോർപറേഷനാണ് ആശുപത്രി കെട്ടിട നിർമാണത്തിന് തുക അനുവദിച്ചത്.
അടിയന്തര ചികിത്സാ വിഭാഗം, ഫാർമസി, കിടക്കകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. വാർഡുകള്‍, മറ്റു ചികിത്സാ വിഭാഗങ്ങള്‍, ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലും ഉടൻ തന്നെ അന്തിമ തീരുമാനമാകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.