ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടന്നു; ബിജെപി രാജ്യത്തെ പാര്‍ലമെന്‍ററി സംവിധാനത്തിന് വെല്ലുവിളി: കെ.കെ ജയചന്ദ്രന്‍

രാജ്യത്തെ പാര്‍ലമെന്‍ററി സംവിധാനത്തിന് ബിജെപി വെല്ലുവിളിയാണ്. ഇനിയൊരു തവണ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ പാര്‍ലമെന്‍ററി സംവിധാനം ഇല്ലാതാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് ദേവികുളം മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മൂന്നാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും. വ്യക്തി കേന്ദ്രീകൃത ഭരണം നടപ്പാക്കാനാണ് ആര്‍എസ്എസും, ബിജെപിയും ശ്രമിക്കുന്നത്. ഇത് രാജ്യത്തിന്‍റെ ഭാവി തന്നെ അപകടത്തിലാക്കും. ദാരിദ്ര്യം കൂടുതലുള്ള രാജ്യമായി ഇന്ത്യ മാറി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. കേരളത്തില്‍ നിന്നുള്ള 18 യുഡിഎഫ് മെമ്പര്‍മാരും പാര്‍ലമെന്‍റില്‍ നിശബ്ദത പാലിച്ചു. വോട്ട് ചെയ്ത് വിജയിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ ചേരുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. എംപിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വത്തിന്‍റെ ഉടമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്‍ററി സംവിധാനം സംരക്ഷിക്കാന്‍ ബിജെപിയിതര സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് പറഞ്ഞു. മതേതരത്വം ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കാന്‍ പൊരുതാന്‍ തയ്യാറാകുന്ന ഇടതുപക്ഷ എംപിമാര്‍ കൂടുതലായും ഡെല്‍ഹിയിലുണ്ടാകണം.
സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനം തിരുത്തിക്കാന്‍ ശക്തമാര്‍ന്ന ഇടതുപക്ഷ സാന്നിധ്യമാണ് ഡെല്‍ഹിയിലേക്ക് എത്തേണ്ടത്. പി. പളനിവേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സിപിഐ ജില്ലാ സെക്രട്ടറി സലിം കുമാര്‍, എം.എം. മണി എംഎല്‍എ, എസ്. സതീഷ്, എ. രാജ എംഎല്‍എ, കെ.വി. ശശി, എസ്. രാജേന്ദ്രന്‍, സിബി മൂലേപ്പറമ്പില്‍, കോയ അമ്പാട്ട് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.