വിവിധ കുരിശു പള്ളികൾക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി.കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കട്ടപ്പന,കമ്പംമേട്ട്, ചേറ്റുകുഴി , 20 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികൾ കല്ലെറിഞ്ഞു ചില്ലുകൾ തകർത്ത സംഭവത്തിലാണ് പ്രതി ചെറുകുന്നേൽ ജോബിനെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.വിവാഹം മുടങ്ങിയതിൽ സഭയോടുള്ള വൈരാഗ്യത്തിലാണ് കുരിശുപള്ളികൾക്കു നേരെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.
മാർച്ച് 12ന് വെളുപ്പിനെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇടുക്കി എസ് പി വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി പി.വി ബേബി എന്നിവരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച വണ്ടന്മേട് എസ്.എച്ച് ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓർത്തഡോക്സ്,
കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകൾ തകർത്തത്.പുളിയന്മല അമലമനോഹരി കപ്പേളയുടെ ചില്ല് ബൈക്കിൽ എത്തി എറിഞ്ഞു തകർക്കുന്ന സി സി റ്റി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഒപ്പം തുടർ അന്വേഷണത്തിൽ മറ്റിടങ്ങളിലെ ആക്രമണങ്ങളുടെ സിസിറ്റി വി ദൃശ്യംങ്ങളും ലഭ്യമായതോടെ ഒരാൾ തന്നെയാണ് അക്രമം നടത്തിയതെന്ന നിഗമനത്തിലെത്തിയിരുന്നു. ഈ ദൃശ്യങ്ങളും, പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസിൽ നിർണ്ണായകമായത്.
എസ് ഐ ഡിജു ജോസഫ്,എഎസ് ഐ ജെയിംസ്,എസ് സി പി ഒ പ്രശാന്ത് കെ മാത്യു,സി പി ഒ അൽബാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.സാമൂഹിക വിരുദ്ധ പ്രവർത്തനം ഉൾപ്പെടെ 6 ഓളം കേസുകളാണ് പ്രതിയുടെ മേൽ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








