കട്ടപ്പന ഇരട്ടക്കൊല കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുന്നതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ
കട്ടപ്പന ഇരട്ടക്കൊല കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ. വിവിധ വകുപ്പുകളിലെ 10 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് സംഘം. കൊല്ലപ്പെട്ട വിജയൻ്റെ ഭാര്യ സുമ ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്ത് വരുകയാണ്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഡി ഐ ജി കട്ടപ്പനയിൽ പറഞ്ഞു. നേരത്തെ ഡി ഐ ജി പുട്ട വിമലാദിത്യ സംഭവസ്ഥലങ്ങളിൽ എത്തി അന്വേഷണം നടത്തി പ്രതിയെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട വിജയൻ്റെ മൃതദേഹം കണ്ടെത്തിയ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലും, എട്ടു വർഷം മുൻപ് ഇവർ താമസിച്ച കട്ടപ്പന സാഗര ജംഗ്ഷനിലെ വീട്ടിലും, കുഞ്ഞിനെ കൊലപ്പെടുത്തി മറവു ചെയ്തുവെന്ന് സംശയിക്കുന്ന കന്നുകാലിതൊഴുത്തിലും പരിശോധന നടത്തി. മോഷണക്കേസിലെ പ്രതിയായിരുന്ന പാറക്കടവ് പുത്തൻപുരയ്ക്കൽ നിതീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിൻ്റെ ചുരുളഴിയുന്നത്. കൊല ചെയ്യപ്പെട്ട നെല്ലിപ്പള്ളിൽ വിജയൻ്റെ മൃതദേഹം കഴിഞ്ഞ 10 ആം തീയതി കക്കാട്ടുകടയിലെ വാടക വീട്ടിലെ മുറിയുടെ തറയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. വിജയൻ്റെ മകളിൽ പ്രതി നിതീഷിനുണ്ടായ 4 ദിവസം പ്രായമായ കുഞ്ഞിനെ 2016 ൽ കൊലപ്പെടുത്തി തൊഴുത്തിൽ കുഴിച്ചുമൂടിയതായുമാണ് കേസ്. എന്നാൽ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 2 ദിവസം സാഗര ജംഗ്ഷനിലെ പുരയിടത്തിലെ കാലിതൊഴുത്ത് പൊളിച്ച് പരിശോധന നടത്തിയെങ്കിലും വ്യക്തമായ തെളിവു ലഭിച്ചില്ല. പ്രതി അടിക്കടി മൊഴി മാറ്റുന്നതാണ് കുഞ്ഞിൻ്റെ മൃതദ്ദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നത്. ഇതേ തുടർന്നാണ് എറണാകുളം റേഞ്ച് ഡി ഐ ജി പുട്ടാ വിമലാദിത്യ, സംഭവസ്ഥലങ്ങളിൽ നേരിട്ട്എത്തി അന്വേഷണം നടത്തിയത്. പ്രതി നിതീഷിൻ്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഉന്നത സംഘം ഇന്ന് പ്രതിയെ ചോദ്യം ചെയ്തത്.