ആരോഗ്യ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം : മന്ത്രി റോഷി അഗസ്റ്റിൻ
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . ഇടുക്കി മെഡിക്കൽ കോളേജിൽ നടന്ന അസ്ഥിരോഗ വിദഗ്ധരുടെ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്ത് ഓർത്തോപീഡിക്സ് വിഭാഗം വലിയ രീതിയിൽ പുരോഗതി കൈവരിച്ച് വരികയാണ് . കുറഞ്ഞ ചികിത്സാചെലവിൽ മികച്ച ചികിത്സ തേടിയാണ് സംസ്ഥാനത്തേക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ആളുകളെത്തുന്നത്. ഇത് ആരോഗ്യ ടൂറിസം രംഗത്തെ സാധ്യതകൾ തുറന്നിടുന്നു. ദേശീയ തലത്തിൽ നിന്നുള്ള പ്രഗത്ഭരെ ഉൾപ്പെടുത്തി സെമിനാർ സംഘടിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗവും ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷനും സംയുക്തമായാണ് ദേശീയ സെമിനാർ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 150 ൽ അധികം അസ്ഥിരോഗ വിദഗ്‌ധർ സെമിനാറിൽ പങ്കെടുത്തു. ഇന്ത്യൻ ഓർത്തോ പീഡിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. രമേഷ് സെൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് പ്രൊഫസർ ഡോ. വിനേഷ് സേനൻ, അസ്ഥിരോഗ വിദഗ്ധരായ ഡോ. കാർത്തിക് കൈലാസ്, ഡോ. പ്രദീപ് കൊട്ടാടിയ, ഡോ. മിജേഷ് എന്നിവർ സംസാരിച്ചു.