ഏലപ്പാറയിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനിടെ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും

ഇടുക്കി ഹെലിബറിയ - ശാന്തിപ്പാലം - മ്ലാമല റോഡിൻ്റെ നിർമ്മാണ തടസം നീക്കാത്തതിനെതിരെ സമര സമിതി അനിശ്ചിത കാല നിരാഹാര സമരത്തിലാണ്.ഇതിനിടെയാണ് ചൊവാഴ്ച രാത്രിയിൽ സമരപന്തലിന് സമീപമുള്ള മരത്തിന് മുകളിൽ കയറി കിളിപാടി സ്വദേശി ബിജി ആത്മഹത്യ ഭീഷണി മുഴക്കിയത്. പീരുമേട്ടിൽ നിന്നും പോലീസും ഫയർ ഫോഴ്സും , ആരോഗ്യവകുപ്പും സ്ഥലത്തെത്തി. പൊലീസ് ഉദ്യോഗസ്ഥർ ബിജിയും സമരസമിതി നേതാക്കളുമായും ചർച്ച ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചീഫ് എഞ്ചിനീയർ നൽകിയ സ്റ്റോപ് മെമ്മോ പിൻവലിച്ച് റോഡുപണി തുടങ്ങുമെന്ന ഉറപ്പു കിട്ടണം എന്ന ആവശ്യത്തിൽ ഇവർ ഉറച്ചുനിന്നു.
സംയുക്ത സമരസമിതി കൺവീനർ നിബു ജോൺ ശനിയാഴ്ച മുതൽ നിരാഹാര സമരത്തിലാണ്. ഇതിനിടെയായിരുന്നു ബിജിയുടെ ആത്മഹത്യ ഭീഷണി. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന ഡപ്യൂട്ടി കളക്ടർ അരുൺ എസ് നായരുടെ ഉറപ്പിനെ തുടർന്ന് രാത്രിയിൽ പ്രതിഷേധം അവസാനിപ്പിച്ചു. ബിജിയെ ആൽമരത്തിൻ്റെ മുകളിൽ നിന്നും താഴെയിറക്കി.
വർഷങ്ങളായി തകർന്നു കിടക്കുന്ന ഏലപ്പാറ - നെലിബറിയ - ശാന്തിപ്പാലം - മ്ലാമല റോഡ് പുനർനിർമ്മിക്കണം എന്നാണ് സമര സമിതിയുടെ ആവശ്യം.