ആനപ്പേടിയിൽ ഉപ്പുതറ വളകോട് നിവാസികൾ; കാട്ടാനകൾ എത്തുന്നത് വീടുകൾക്ക് സമീപം വരെ

ആനപ്പേടിയിലാണ് ഉപ്പുതറ വളകോട് നിവാസികൾ.രാത്രിയാകുന്നതോടെ കാട്ടാനകൾ വീടുകളുടെ സമീപത്ത് വരെ എത്തുന്നു.നാളുകളായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെ വനം വകുപ്പ് നടപടിയെടുക്കാത്തതിനാൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
കഴിഞ്ഞ രാത്രിയിലാണ് ഉപ്പുതറ വളകോട് പാലക്കാവിൽ 5 വീടുകൾക്ക് സമീപം വരെ കാട്ടാനകൾ എത്തിയത് . നാളുകളായി ഇവിടെയുള്ളവർ നേരിടുന്ന പ്രതിസന്ധിയാണിത്.പാലക്കാവ് കൊച്ചാനിമൂട്ടിൽ ഉഷ, പുത്തൻപുരക്കൽ ഓമന രവി, കാവക്കാട്ട് രവി, പുളിക്കക്കുന്നേൽ റോയി, കപ്പാലുമൂട്ടിൽ തങ്കച്ചൻ, പുല്ല് വേലി റിജുപ്പോൾ എന്നിവരുടെ വീടിന് സമീപത്താണ് കാട്ടാനകൾ എത്തിയത്.
പ്രായമായവർ ഒറ്റക്ക് കഴിയുന്ന നിരവധി വീടുകൾ ഇവിടെ ഉണ്ട്.കാട്ടാനകൾ വീടിന് സമീപം വരെ എത്താൻ തുടങ്ങിയതോടെ ഭീതിയിലാണ് ഇവർ.കർഷകർ നട്ടുപരിപാലിക്കുന്ന കൃഷിദേഹണ്ഡങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് പതിവാണ്.ഇപ്പോൾ ജീവന് തന്നെ കാട്ടാനകൾ ഭീക്ഷണിയായിക്കഴിഞ്ഞു. ആന ഇറങ്ങിയാൽ വനപാലകരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാറില്ല.
ഉദ്യോഗസ്ഥർ വനത്തിന് ഉള്ളിൽ തീയിടുന്നതാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്താൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.വനത്തിന് ചുറ്റും സോളാർ വേലി സ്ഥാപിക്കുമെന്നുള്ള ഉറപ്പും അധികൃതർ പാലിച്ചിട്ടില്ല. വന്യ മൃഗങ്ങളിൽ നിന്ന് രക്ഷ നേടാൻ കൃഷിയിടങ്ങളിൽ തുണികൾ കൊണ്ട് വേലികെട്ടേണ്ട ഗതികേടിലാണ് ജനങ്ങൾ.