ഉപ്പുതറ കിഴുകാനത്ത് ആദിവാസി വിഭാഗത്തിൽ പെട്ട കർഷകൻ്റെ കുടിൽ കത്തിനശിച്ചു

ഉപ്പുതറ കിഴുകാനത്ത് കുടിൽ കത്തിനശിച്ചു. ഇരവി കരുങ്ങമ്പാറയുടെ കുടിലാണ് അഗ്നിക്കിരയായത്. കാർഷിക വിളകളും വസ്ത്രങ്ങളും ഉൾപ്പെടെ കുടിലിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സാധനസാമഗ്രികളും കത്തി നശിച്ചു.
രാത്രി 12 മണിയോടെയാണ് ഉപ്പുതറ കിഴുകാനത്ത് ആദിവാസി വിഭാഗത്തിൽ പെട്ട കരുങ്ങമ്പാറ ഇരവിയുടെ കുടിൽ കത്തി നശിച്ചത്. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇയാൾ പ്ലാസ്റ്റിക്കുകൾ കൊണ്ടും മറ്റും കെട്ടി മറച്ച കുടിലിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്.ഇരവി വീട്ടിൽ ഇല്ലാത്ത സമയത്താണ് അഗ്നിബാധ ഉണ്ടായത്. കുടിലിൽ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് തുടങ്ങിയ കാർഷിക വിളകൾ അടക്കം വീട്ടിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും കട്ടിലും മറ്റ് സാമഗ്രികൾ എല്ലാം പൂർണമായി കത്തി നശിച്ചു. 6000 രൂപയും സ്വർണ്ണ മോതിരവും നഷ്ടപ്പെട്ടു.
കൃഷിപണിക്കൊപ്പം മീൻ പിടിച്ചുമാണ് ഇരവി നിത്യജീവിതത്തിനുള്ള വക കണ്ടെത്തുന്നത്. കൂടിലിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന വലയും മറ്റ് അനുബന്ധ സാധനങ്ങൾ എല്ലാം അഗ്നിക്കിരയായി. ഒപ്പം കുടിലിനു സമീപത്തുണ്ടായിരുന്ന കാർഷിക വിളകളും കത്തി നശിച്ചു. പ്രദേശവാസികളാണ് തീ അണച്ചത്. അതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് അഗ്നിബാധ ഉണ്ടായില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകണമെന്നാണ് ഇരവിയുടെ ആവശ്യം.