മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ മരണം; പ്രതിഷേധവുമായി നാട്ടുകാർ, ഇന്ന് മൂന്നാറിൽ എൽ ഡി എഫ് ഹർത്താൽ

മൂന്നാറിൽ ഓട്ടോയിൽ യാത്ര ചെയ്തവർക്കെതിരെയുണ്ടായ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തം. മൂന്നാർ കെഡി എച്ച്പി വില്ലേജിൽ എൽ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. യു ഡി എഫിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും. ഇന്നലെ രാത്രി ഉണ്ടായ കാട്ടാനയാക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് മരിച്ചത്.ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവർക്കാണ് പരിക്ക്. ഇവരുടെ മകൾ പ്രിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. മണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. പരിക്കേറ്റവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.