ഏലപ്പാറയിൽ സാമൂഹികവിരുദ്ധർ രണ്ടര ഏക്കർ സ്ഥലത്തെ ആയിരത്തോളം ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു
ഏലപ്പാറയിൽ സാമൂഹികവിരുദ്ധർ രണ്ടര ഏക്കർ സ്ഥലത്തെ ആയിരത്തോളം ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു. ഏലപ്പാറ പൈങ്ങലിൽ മജു പി ജോർജിൻ്റെ കൃഷി സ്ഥലത്തെ നാലും അഞ്ചും വർഷം പ്രായമുള്ള ഏലച്ചെടികളാണ് നശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഒരു സംഘം ആളുകൾ കൃഷിയിടത്തിൽ എത്തി ഏലച്ചെടികൾ വ്യാപകമായി വെട്ടി നശിപ്പിച്ചതെന്ന് മജു പറയുന്നു.
രാവിലെ തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. രണ്ടര ഏക്കറിൽ നാലും അഞ്ചും ആറും വർഷം പ്രായമുള്ള ഏല ചെടികളാണ് ഉണ്ടായിരുന്നത്. ആയിരത്തോളം ഏലച്ചെടികൾ നശിപ്പിച്ചു. പത്ത് ലക്ഷം യുടെ നഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് പീരുമേട് പോലീസിൽ മജു പരാതി നൽകി.
ഒരു ഏലച്ചെടിയിൽ നിന്ന് ശരാശരി ഒരു കിലോയോളം ഉണക്ക കായ ലഭിച്ചിരുന്നതാണ് എന്ന് ഇദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പ എടുത്ത് കൃഷി ചെയ്ത ഏല ചെടികളാണ് നശിപ്പിച്ചത്. ഇവിടെ സ്ഥാപിച്ച ഷെഡ്ഡും അക്രമികൾ തകർത്തു.