വേനൽ കനത്തു;പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു
അന്തരീക്ഷതാപനില സാധാരണ നിലയിൽ കൂടുതലായ സാഹചര്യത്തിൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. വേനൽ കടുത്ത തോടെ അന്തരീക്ഷതാപനില സാധാരണ ഗതിയിൽ കൂടുതലായി അനുഭവപ്പെട്ട് തുടങ്ങിയതോടെ സൂര്യാഘാതമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുള്ളതിനാലാണ് ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഷീബാ ജോർജ് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നത്.
ഈ ഉത്തരവിൻ പ്രകാരമാണ് പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഇന്നുമുതൽ പുനക്രമീകരിച്ചിരിക്കുന്ന സമയ പ്രകാരം ജോലികൾ ആരംഭിച്ചിരിക്കുന്നത് .തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെ 7 മണി മുതൽ 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൊഴിലാളികൾക്ക് നിർജലീകരണം ഒഴിവാക്കുന്നതിന് ജോലിസ്ഥലങ്ങളിൽ കുടിവെള്ളം, വിശ്രമത്തിനായി ഷെഡ്, പ്രാഥമിക ചികിൽസാ മുൻകരുതൽ എന്നിവ തൊഴിൽ ഉടമകൾ ഉറപ്പാക്കണമെന്ന നിർദേശവും ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്. തേയിലതോട്ടങ്ങൾ ഉൾപ്പെടെയുള്ള തുറസായ ജോലിസ്ഥലങ്ങളിൽ ഈ നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് ക ലക്ടർ ജില്ലാ ലേബർ ഓഫീസറെ ചുമതല പ്പെടുത്തി.