ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍ ബിന്ദു. കട്ടപ്പന ഗവ.കോളേജിലെ സോളാര്‍ പവര്‍ പ്ലാന്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

Feb 22, 2024 - 17:17
 0
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍ ബിന്ദു.
കട്ടപ്പന ഗവ.കോളേജിലെ സോളാര്‍ പവര്‍ പ്ലാന്റ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. റൂസ ധനസഹായത്തോടെ കട്ടപ്പന ഗവ. കോളേജിലടക്കം സംസ്ഥാനത്തെ 28 കോളേജുകളില്‍ നടത്തിയ അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യം, അക്കാദമിക ഗുണമേന്മ എന്നിവയില്‍ വലിയ പരിവര്‍ത്തനം വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ദൃഢനിശ്ചയം. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. വൈജ്ഞാനിക സമൂഹസൃഷ്ടിയില്‍ മുന്നില്‍ നടക്കേണ്ടവരാണ് ഉന്നതവിദ്യാഭ്യാസമേഖല എന്നതുകൊണ്ടുതന്നെ ഈ മേഖലക്ക് ബജറ്റില്‍ വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 6000 കോടി രൂപയാണ് കേരളം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. 1500 കോടിയോളം രൂപ ചെലവഴിച്ചുകൊണ്ടുള്ള അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളാണ് മൂന്ന് വര്‍ഷത്തിനുള്ളില്‍ കിഫ്ബി, റൂസ, സംസ്ഥാനപ്ലാന്‍ ഫണ്ട് വിഹിതം എന്നിവ ഉപയോഗിച്ച് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

 അക്കാദമിക ഗുണമേന്മ വര്‍ധിപ്പിക്കാനും ഉള്ളടക്കം കാലാനുസാരിയാക്കാനും ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഹയര്‍ എജ്യുക്കേഷന്‍ കരിക്കുലം ഫ്രെയിംവര്‍ക്കിന് രൂപം നല്‍കാന്‍ നമുക്ക് സാധിച്ചു. അടുത്ത അക്കാദമിക വര്‍ഷം നാല് വര്‍ഷ യു.ജി പ്രോഗ്രാം ആരംഭിക്കുന്നതോടുകൂടി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. ദ്വിമുഖ സമീപനമാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിനുള്ളത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുക, ഗവേഷണാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് കുട്ടികളെ തുടക്കം മുതല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവക്കിടയില്‍ നിലനില്‍ക്കുന്ന സ്‌കില്‍ ഗ്യാപ് നികത്തുന്നതിന് നൈപുണ്യ വര്‍ധനവിന് വേണ്ടിയുള്ള നിരവധി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. അസാപ് കേരള 140 ഓളം കോഴ്സുകളാണ് നല്‍കുന്നത്. കെയ്സ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ നൈപുണ്യ വികസന കോഴ്സുകള്‍ക്ക് അടക്കം ക്രെഡിറ്റ് നല്‍കാനാണ് തീരുമാനം. തൊഴില്‍പരിശീലന പദ്ധതികളും ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസും കണക്ട് കരിയര്‍ ടു കാമ്പസ് പദ്ധതികളുമൊക്കെ ഇതിന്റെ ഭാഗമാണ്. പ്ലേസ്മെന്റ് സെല്ലുകളും ശക്തിപ്പെടുത്തുകയാണ്. കെ ഡിസ്‌കിന്റെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി ഒരു പുത്തനാശയം മുന്നോട്ടുവെക്കുന്ന വിദ്യാര്‍ഥിക്ക് അത് സാക്ഷാത്കരിക്കുന്നതിന് 5 മുതല്‍ 25 ലക്ഷം വരെ നല്‍കുന്നുണ്ട്. ആഴത്തില്‍ അറിവന്വേഷണത്തിലേക്ക് പോകാന്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സാമൂഹിക സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തി ഏറ്റവുമികച്ച ലാബ് കോംപ്ലക്സുകളും അത്യാധുനിക ലൈബ്രറികളും ഒരുക്കാനാണ് മറുഭാഗത്ത് ശ്രമം. ടെക്സ്റ്റ് ബുക്ക് പഠനം അവസാനിപ്പിച്ചുകൊണ്ട് പ്രവൃത്ത്യുന്മുഖ വിദ്യാഭ്യാസത്തിലേക്ക് നാം വഴിമാറുകയാണ്. ചെയ്ത് പഠിക്കുന്നതിലൂടെ കുട്ടികളുടെ കര്‍മകുശലതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതത്തിന് ഉപകാരപ്പെടുന്ന ഉല്‍പന്നങ്ങളും പ്രക്രിയകളും സേവനങ്ങളും വികസിപ്പിക്കാനുതകുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 500 യുവഗവേഷകര്‍ക്ക് നല്‍കുന്ന നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്, 1000 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രതിഭാ പുരസ്‌കാരവുമൊക്കെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ കലാലയങ്ങള്‍ കൂടുതല്‍ ഉന്നതനിലവാരത്തിലുള്ളതാക്കി മാറ്റാന്‍ റൂസപദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത അടിസ്ഥാന സൗകര്യങ്ങള്‍ സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 116 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 568 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് റൂസയുടെ ഭാഗമായി ഏറ്റെടുത്തത്. ഇതില്‍ 35കോടി ഉപയോഗിച്ച് 28 കോളേജുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തത്. 15 അക്കാദമിക് ബ്ലോക്കുകള്‍, 61 ക്ലാസ് റൂമുകള്‍, മൂന്ന് ഓഡിറ്റോറിയങ്ങള്‍, രണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍, ഒരു ഭക്ഷണശാല, ഒരു പരീക്ഷാകേന്ദ്രം, കമ്പ്യൂട്ടര്‍ ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കാമ്പസുകളില്‍ പൂര്‍ത്തീകരിച്ചത്. റൂസ പദ്ധതിപ്രകാരം ഒരു കോടി രൂപ മുടക്കി കട്ടപ്പന ഗവ. കോളേജില്‍ അക്കാദമിക് ബ്ലോക്ക്, വിമന്‍ അമിനിറ്റി സെന്റര്‍, വനിതകള്‍ക്കുള്ള തൊഴില്‍ നൈപുണ്യ കേന്ദ്രം എന്നിവയാണ് നിര്‍മിച്ചത്. കട്ടപ്പന ഗവ. കോളേജ് ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ ശ്രദ്ദേയമാകുന്ന ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ രാജ്യത്ത് തന്നെ ഒന്നാമതെത്തിയവരാണ് നാം. സ്‌കൂളില്‍ പോകാന്‍ കഴിയാത്ത ഒരു കുട്ടി പോലും ഇന്ന് സംസ്ഥാനത്തില്ല. ഉന്നതവിദ്യാഭ്യാസരംഗത്തെ നമ്മുടെ സര്‍വകലാശാലകളും കോളേജുകളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന ഗവ കോളേജില്‍ ഒരുക്കിയ 70 കിലോവാട്ട് സോളാര്‍ പ്ലാന്റ് ഒരു പക്ഷേ സംസ്ഥാനത്തെ ഗവ. കോളേജുകളില്‍ ആദ്യത്തേതാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍ 62 ലക്ഷം രൂപ ചിലവില്‍ അനര്‍ട്ട് കോളേജില്‍ നിര്‍മ്മിച്ച സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സൗരോര്‍ജ പ്ലാന്റില്‍ ഉത്പ്പാദിപ്പിക്കുന്ന വൈദുതി കോളേജിന്റെ ഉപയോഗത്തിന് ശേഷം കെ.എസ്.ഇ.ബി. ഗ്രിഡിലേക്കു നല്‍കും. 300 യൂണിറ്റ് വൈദുതി ഒരു ദിവസം ഉല്പാദിപ്പിക്കാനാവും. ഇതുകൂടാതെ വൈദുതി തടസ്സം കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ കോളേജ് കെട്ടിടത്തില്‍ 10 കിലോവാട്ട് ഓഫ് ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ലൈബ്രറി കെട്ടിടത്തില്‍ മൂന്ന് കിലോവാട്ട് ഓഫ്ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റും ഉടന്‍ സ്ഥാപിക്കും.  എല്‍ ആകൃതിയില്‍ 4700 ചതുരശ്ര അടി വലിപ്പത്തില്‍ നിര്‍മിച്ച റൂസ അക്കാദമിക് ബ്ലോക്കില്‍ രണ്ട് ക്ലാസ് മുറികളും രണ്ട് ലൈബ്രറിയും ഓഫീസും ശൗചാലയങ്ങളുമുണ്ട്. 40 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളും കോളേജില്‍ നിര്‍മിതിയുടെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ നിര്‍മ്മിതി എക്സിക്യൂട്ടീവ് സെക്രട്ടറി ബിജു. എസ് നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കണ്ണന്‍. വി, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.സി ബിജു, യൂണിയന്‍ ചെയര്‍മാന്‍ അമല്‍ ഷിബു, റൂസാ കോര്‍ഡിനേറ്റര്‍ ഡോ. സിമി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow