ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയായി; ഇടുക്കിയിൽ ജോയ്സ് ജോർജ്
സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. 2019ലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് ശക്തരായ സ്ഥാനാര്‍ഥികളെ തന്നെ കളത്തിലിറക്കി പോരാട്ടത്തിന് വീര്യം പകരാൻ സിപിഎം ഒരുങ്ങുന്നത്. ഒരു മന്ത്രിയും ഒരു പോളിറ്റ് ബ്യൂറോ അംഗവും നാലു കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്നു ജില്ലാ സെക്രട്ടറിമാരും അടങ്ങുന്നതാണ് സ്ഥാനാര്‍ഥി പട്ടിക.. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ പൊതുസ്വതന്ത്രനായി മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ സ്ഥാനാർഥിയാകും.
20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ സ്വതന്ത്രരെ ഇറക്കി നേട്ടമുണ്ടാക്കുകയെന്ന മുൻപ് വിജയിച്ച രീതിയാണ് ഇത്തവണയും പിന്തുടർന്നത്. ഹംസയുടെ ജനസമ്മതി കണക്കിലെടുത്താണ് തീരുമാനം. പൊന്നാനി മണ്ഡലത്തിലെ 4 നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിന്റേതാണ്. വനിതാ സംവരണം പാലിക്കുന്നതിന്റെ ഭാഗമായാണ് കെ.ജെ.ഷൈനിന്റെ പേര് എറണാകുളം മണ്ഡലത്തിൽ നിർദേശിക്കപ്പെട്ടത്. വടകര മണ്ഡലം കെ.മുരളീധരനിൽ നിന്നു തിരിച്ചു പിടിക്കുകയാണു ശൈലജയുടെ ദൗത്യം. അവസാന രണ്ടു തിരഞ്ഞെടുപ്പുകളിൽ എ.എൻ.ഷംസീറും, പി.ജയരാജനും വടകരയിൽ പരാജയപ്പെട്ടിരുന്നു. പാലക്കാട് പിബി അംഗം എ.വിജയരാഘവൻ മത്സരിക്കും. ആലത്തൂർ പിടിക്കാൻ മന്ത്രി കെ.രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മത്സരിക്കും.
ആറ്റിങ്ങൽ– വി.ജോയ്
പത്തനംതിട്ട– ടി.എം.തോമസ് ഐസക്
കൊല്ലം– എം.മുകേഷ്
ആലപ്പുഴ– എ.എം.ആരിഫ്
എറണാകുളം– കെ.ജെ.ഷൈൻ
ഇടുക്കി– ജോയ്സ് ജോർജ്
ചാലക്കുടി– സി.രവീന്ദ്രനാഥ്
പാലക്കാട്– എ.വിജയരാഘവൻ
ആലത്തൂർ– കെ.രാധാകൃഷ്ണൻ
പൊന്നാനി– കെ.എസ്.ഹംസ
മലപ്പുറം– വി.വസീഫ്
കോഴിക്കോട്– എളമരം കരീം
കണ്ണൂർ– എം.വി.ജയരാജൻ
വടകര– കെ.കെ.ശൈലജ
കാസർകോട്– എം.വി.ബാലകൃഷ്ണൻ.