കട്ടപ്പന മുനിസിപ്പാലിറ്റിയിൽ കുടിവെള്ളത്തിനായി 36 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. മുനിസിപ്പാലിറ്റിയിലെ അമ്യത് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടപ്പന മുൻസിപ്പാലിറ്റിയിൽ ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പ്രവർത്തികളുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളും, കട്ടപ്പന മുൻസിപ്പാലിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കട്ടപ്പന മുൻസിപ്പാലിറ്റിയിലെ എല്ലാ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. കട്ടപ്പന മുൻസിപ്പാലിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളും, ജല സംഭരണികളും ഉപയോഗപ്പെടുത്തിയും. വിവിധ അളവുകളിലുള്ള പുതിയ വിതരണ ശൃംഖലകൾ സ്‌ഥാപിച്ചും, മുൻസിപ്പാലിറ്റിയിൽ 3270 ഗാർഹിക കണക്ഷനുകൾ നൽകുന്നതിനുമാണ് ഒന്നാംഘട്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
1539 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഇതിനായി ലഭിച്ചിരിക്കുന്നത്. വീടുകളിൽ കുടിവെള്ളം എത്തിക്കാൻ അനുവദിച്ച ഫണ്ടിൽ കല്ല് കുന്ന് കുടിവെള്ള പദ്ധതിക്ക് മുന്തിയ പരിഗണന നൽകും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പദ്ധതി നവീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിച്ചു. ഇടുക്കി പബ്ലിക് ഹെൽത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ പ്രവീൺ കെ. എസ്, കട്ടപ്പന നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ, വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി ,കേരള വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ പ്രദീപ് വി.കെ കൗൺസിലർമാരായ മനോജ് മുരളി ലീലാമ്മ ബേബി, സിബി പാറപ്പായിൽ , ഷാജി കൂത്തോടി ,സി പി എം കട്ടപ്പന ഏരിയ സെക്രട്ടറി വി ആർ സജി, മറ്റ് കൗൺസിലർമാർ രാഷ്ട്രിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.