ക്ഷീരസംഗമം നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്നത് ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി.
ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പശു വളർത്തലുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് സംസ്ഥാനതല ക്ഷീരസംഗമം നടത്തി കോടിക്കണക്കിന് പണം ധൂർത്തടിക്കുന്ന പരിപാടി ഒഴിവാക്കാൻ സർക്കാർ തയ്യാറാകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി. സംസ്ഥാനത്തെ മികച്ച ക്ഷീരകർഷകന് ഒരുലക്ഷം രൂപയുടെ അവാർഡ് നൽകുന്നതിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ചെലവ് രണ്ടു കോടി രൂപയാണ്. കഴിഞ്ഞവർഷം തൃശ്ശൂരിൽ നടത്തിയ പരിപാടിക്ക് സർക്കാർ പദ്ധതിവിഹിതമായി നൽകിയ 40 ലക്ഷം രൂപയുടെ ബാക്കി ഒരുകോടി 60 ലക്ഷം രൂപ സംഘങ്ങൾ, കർഷകർ, കാലിത്തീറ്റ കമ്പനികൾ എന്നിവരിൽ നിന്നാണ് പിരിച്ചത്. പിരിവിന്റെ എല്ലാ ഭാരവും കർഷകനിലേക്കാണ് ചെല്ലുന്നത്. കർഷകരിൽ നിന്നും പിരിവെടുക്കുന്നത്, പാൽ ഏറ്റവും കൂടുതലുള്ള ജൂലൈ മാസത്തെ പാലിന്റെ അളവിന്റെ അടിസ്ഥാനത്തിലും, ആനുകൂല്യങ്ങൾ നൽകുന്നത് പാൽ കുറഞ്ഞ ഏപ്രിൽ മാസത്തെ അളവിന്റെ അടിസ്ഥാനത്തിലുമാണെന്നതാണ് വിരോധാഭാസം.
ബ്ലോക്ക് തല മുതൽ സംസ്ഥാനതലം വരെ ഓരോ വർഷവും അഞ്ചു കോടി രൂപ മുടക്കി പരിപാടി നടത്തുന്നതിന്റെ പേരിലുണ്ടാകുന്ന ഉത്പാദന വർദ്ധനവിന്റെ കണക്ക് പ്രസിദ്ധീകരിക്കാൻ ക്ഷീര വകുപ്പ് തയ്യാറാകണമെന്നും ജോയ് വെട്ടികുഴി ആവശ്യപ്പെട്ടു.