മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പരപ്പിൽ ഓട്ടോ റിക്ഷാ സ്റ്റാൻഡ് നഷ്ടമാകുന്നു എന്ന് പരാതി
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പരപ്പിൽ ഓട്ടോ സ്റ്റാൻഡ് നഷ്ടമാകുന്നു എന്ന് പരാതി. ഇതോടെ ഓട്ടോഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്രാമപഞ്ചായത്ത് അധികൃതരോട് അടക്കം പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു എന്നാണ് ആക്ഷേപം.മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത് മെറ്റൽ ഇറക്കിയുള്ള പണികൾ നടന്നുവരികയാണ്. എന്നാൽ മുൻപ് നിശ്ചയിച്ച പ്രകാരമുള്ള വീതിയിൽ അല്ല നിർമ്മാണം ഇപ്പോൾ നടക്കുന്നത് എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വെയിറ്റിംഗ് ഷെഡ് സംരക്ഷിക്കുന്ന തരത്തിൽ റോഡ് നിർമ്മാണം നടക്കുന്നതോടെ മറുഭാഗത്തുള്ള ഓട്ടോസ്റ്റാൻഡ് നഷ്ടമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. ഒപ്പം സ്വകാര്യ വ്യക്തിയുടെ മതിൽക്കെട്ട് പൊളിച്ച് റോഡിന് വീതി കൂട്ടുമെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇവ പൊളിക്കാതെയാണ് നിർമാണം നടക്കുന്നത്. ഇതോടെ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാതായിരിക്കുകയാണ്.
വിഷയം അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള ഓട്ടോ സ്റ്റാൻഡ് ആണ് ഇവിടെയുള്ളത്. സ്റ്റാൻഡ് നഷ്ടമായാൽ പകരം വാഹനം ഇടാൻ മറ്റൊരു സ്ഥലം സജ്ജമാക്കും എന്ന് ഉറപ്പുനൽകാൻ അധികൃതർ തയ്യാറാവണമെന്ന ആവശ്യമാണ് ഡ്രൈവർമാർ മുന്നോട്ട് വയ്ക്കുന്നത്.അല്ലാത്തപക്ഷം ഇവിടെ നിർമ്മാണം നടത്താൻ സമ്മതിക്കില്ലെന്ന് ഡ്രൈവർമാർ വ്യക്തമാക്കി.