ഇടുക്കി ജില്ലയിലെ ഹൈഡൽ ടൂറിസം സെന്ററുകളിൽ വിനോദ സഞ്ചാരികളെ കടത്തിവിടാതെ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി
ഇടുക്കി ജില്ലയിലെ ഹൈഡൽ ടൂറിസം സെന്ററുകളിൽ വിനോദ സഞ്ചാരികളെ കടത്തിവിടാതെ ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി.സിഐടിയുവിന്റെ നേതൃത്വത്തിൽ മൂന്നാറിലെ നാല് ഹൈഡൽ ടൂറിസം സെന്ററുകളിലും ഇടുക്കി, ചെങ്കുളം സെന്ററുകളിലുമാണ് കവാടത്തിൽ കുത്തിയിരുന്ന് ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്.ഇതോടെ ബോട്ടിംങ്ങ് ഉൾപ്പെടെ മുടങ്ങി. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ മൂന്നാർ, മാട്ടുപ്പെട്ടി,കുണ്ടള , എക്കാപോയിന്റ് തുടങ്ങിയ ഹൈഡൽ ടൂറിസം സെന്ററുകളിലും ചെങ്കുളം ഇടുക്കി തുടങ്ങിയ പാർക്കുകളിലുമാണ് ജിവനക്കാർ പണിമുടക്കുന്നത്. ശമ്പളം വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, ജീവനക്കാരെ സ്ഥിരപ്പെടുത്തുക , ശമ്പള പരിഷ്കരണം നടപ്പിലാക്കുക സെന്ററിൻ്റെ നടത്തിപ്പ് സ്വകാര്യവ്യക്തികൾക്ക് നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മൂന്നാറിൽ ആരംഭിച്ച അനിശ്ചിതകാല സമരം ദേവികുളം എംഎൽഎ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്തു
ജീവനക്കാർ സമരം ആരംഭിച്ചതോടെ കാടുകളുടെ ഭംഗി ആസ്വദിച്ച് ജലാശയങ്ങളിലൂടെയുള്ള ബോട്ടിങ്ങ് ആസ്വാദിക്കാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാർ മേഖലയിൽ ബോട്ടിംങ്ങ് നടത്താൻ എത്തുന്നത്. ജീവനക്കാർ കവാടത്തിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചതോടെ ഇവർ നിരാശയോടെ മടങ്ങുകയാണ്. വരയാടുകളുടെ പ്രജനനക്കാലം ആരംഭിച്ചതിനാൽ രാജമലയിലും സന്ദർശകർക്ക് പ്രവേശനമില്ല. ഹൈഡൽ ടൂറിസം സെന്ററുകളിലും സമരം ആരംഭിച്ചതോടെ മൂന്നാറിലെ വിനോദ സഞ്ചാര മേഖല സ്തംഭിക്കും.