രാത്രി കാറില്‍ പരിശോധന, കണ്ടെത്തിയത് 18 കിലോ കഞ്ചാവ്; കുമളിയില്‍ രണ്ടുപേര്‍ പിടിയില്‍
കാറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. കുമളി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദ് ബഷീര്‍(43) അമരാവതി രണ്ടാംമൈല്‍ സ്വദേശി നവാസ് ഇ.നസീര്‍(33) എന്നിവരാണ് പിടിയിലായത്.ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കുമളി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്തമായ പരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടികൂടിയത്.പ്രതികളായവരെ കഴിഞ്ഞ കുറച്ച് നാളുകളായി ഡാന്‍സാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കാറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചതോടെ രാത്രി പതിനൊന്നോടെ കുമളി സ്‌കൂളിന് സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ മിന്നല്‍പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വിവിധ പായ്ക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് സംഘം വ്യക്തമാക്കി. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുമളി സി.ഐ. പി.എസ്. സുജിത്ത്,എസ്.ഐ.മാരായ ജമാല്‍ നൗഷാദ്,എ.എസ്.ഐ.സുനില്‍,ഡാന്‍സാഫ് ഉദ്യോഗസ്ഥരായ മഹേഷ്, ഡി.സതീഷ്, നദീര്‍, എം.പി. അനൂപ്, ടോം സ്‌കറിയ എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.