ശീതകാല പച്ചക്കറികൃഷിയിൽ നൂറുമേനി വിളയിച്ച് ഉദയഗിരി സെന്റ്.മേരിസ് യു പി സ്കൂൾ
ശീതകാല പച്ചക്കറികൃഷിയിൽ നൂറുമേനി വിളയിച്ച് ഉദയഗിരി സെന്റ്.മേരിസ് യു പി സ്കൂൾ.ശീതകാല പച്ചക്കറികൃഷിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ കൃഷിത്തോ ട്ടമാണ് നൂറുമേനി വിളവുമായി കുട്ടികൾക്കും മുതിർന്നവർക്കും പ്രചോദനമായി മാറിയിരിക്കുന്നത്. സ്വദേശിയും വിദേശിയുമായ നിരവധി പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. കാബേജ്, കോളിഫ്ലവർ ,തക്കാളി,ചീര,പയർ,കുറ്റിപ്പയർ തുടങ്ങി വിവിധ മുളകിനങ്ങളും ബ്രോക്കോളി, സെലറി, പാഴ്സലി,ലെറ്റുസ് തുടങ്ങിയ വിദേശയിനങ്ങളും വിളവെടുപ്പിന് പാക മായിരിക്കുന്ന കാഴ്ച നയന മനോഹരമാണ്.മഴമറയിൽ ഒരുക്കിയിരിക്കുന്ന കൃഷിത്തോട്ടത്തിൽ ജലം സംരക്ഷിച്ചു ഉപയോഗിക്കുന്നതിനായി മിസ്റ്റ് ഇറിഗേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പച്ചക്കറി കൃഷി എന്നതിനപ്പുറം ഇതിനെ കുട്ടികൾക്ക് കൃഷി പാഠശാലയായി മാറ്റിയിരിക്കുകയാണ്. വിവിധയിനം പച്ചക്കറി ഇനങ്ങൾ,ഇറിഗേഷൻ സംവിധാനം,N. P. K വളങ്ങൾ,സെക്കന്ററി -മൈക്രോ മൂലകങ്ങൾ, കാൽസ്യം,മഗ്‌നീഷ്യം തുടങ്ങിയവ ചെടിയുടെ വളർച്ചയിൽ വഹിക്കുന്ന പങ്ക്,ചെടിയുടെ വളർച്ച ഘട്ടങ്ങൾ,വേര് പടലങ്ങ ളുടെ രൂപീകരണം തുടങ്ങിയവ വ്യക്തമാക്കുന്ന ബോർഡുകളും കൃഷിയിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.കൃഷിക്ക് പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത് സ്യൂഡോമോണാസ്,ട്രൈക്കോഡർമ, പാസിലോമൈസസ്,ബ്യൂ വേറിയ, വേർട്ടിസീലിയം ലക്കാനി, മൈക്കോറൈസവാം തുടങ്ങിയ സൂക്ഷ്മാണുക്കൾ ആണ്.കൃഷിയുടെ ഒരു പുതിയ അനുഭവം കുട്ടികളിൽ എത്തിക്കുകയാണ് ഈ പച്ചക്കറിത്തോട്ടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ജിൻസ് ജോസ് പറഞ്ഞു. പിടിഎയുടെ സഹകരണത്തോടെ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജിഫിൻ പാലിയത്ത് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.മാത്യു ചെറുപറമ്പിൽ കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് ബെന്നി വി. വി, M.P.T.A പ്രസിഡന്റ് അപർണ ബിനീഷ്, അധ്യാപകരായ ബിജിമോൾ സെബാസ്റ്റ്യൻ, അമലു മാത്യു, ജാൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി.