കടന്നൽ ആക്രമണ ഭീഷണിയിൽ രാജകുമാരി എസ്റ്റേറ്റ് മേഖലയിലെ നാൽപ്പതോളം കുടുംബങ്ങൾ

കാർഷിക തോട്ടം മേഖലയായ ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഖജനാപ്പാറയിലെ രാജകുമാരി എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളാണ് കടന്നൽ ഭീഷണിയിൽ കഴിയുന്നത് . കടന്നൽ ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് എസ്റ്റേറ്റിലെ നാല്പതോളം കുടുംബങ്ങൾ. രാജകുമാരി എസ്റ്റേറ്റിനു സമീപത്തെ സ്വകാര്യ വ്യക്‌തിയുടെ ഏലത്തോട്ടത്തിലെ മരത്തിലാണ് വൻതേനിച്ച വിഭാഗത്തിൽ പ്പെടുന്ന മുപ്പതോളം കടന്നൽ കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. പരുന്തും , ശക്‌തമായ കാറ്റും കോളനി നിവാസികളുടെ ജീവനു ഭീഷണിയായി മാറിയിരിക്കുകയാണ്. രണ്ട് വർഷം മുൻപാണ് കോളനി നിവാസിയായ ഒരാൾ കടന്നൽ ആക്രമണത്തിൽ മരിച്ചത്. കടന്നൽ അക്രമത്തിൽ വളർത്തു മൃഗങ്ങൾ ചാകുന്നതിനെ തുടർന്ന് വരുമാന മാർഗ്ഗം ലഭിച്ചിരുന്ന വളർത്തു മൃഗങ്ങളെയെല്ലാം ആളുകൾ വിറ്റഴിച്ചു .മേഖലയിൽ വ്യാപകമായി പൂമ്പൊടി വീഴുന്നതിനാൽ വസ്ത്രങ്ങൾ അലക്കി വിരിക്കുവാനോ, വാഹനങ്ങൾ പാർക്ക് ചെയ്യുവാനോ സാധിക്കാത്ത സാഹചര്യമാണ്. ജനാലകളും വാതിലുകളും തുറന്ന് ഇടുവാനോ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുവാനോ കഴിയാതെ ദുരിതത്തിലുമാണ് പ്രദേശവാസികൾ. തമിഴ് നാട്ടിൽ നിന്നും തോട്ടങ്ങളിൽ ജോലിക്കായി എത്തുന്ന നിരവധി തൊഴിലാളികൾക്കും ദിവസവും കടന്നൽ ആക്രമണത്തിൽ പരിക്ക് ഏൽക്കാറുണ്ട് .ദിനം പ്രതി ജീവനിൽ ഭയന്നാണ് കോളനി നിവാസികൾ കഴിയുന്നത് കുട്ടികളും പ്രായമായവരും ഉൾപ്പെടെ നാൽപ്പതോളം കുടുംബങ്ങളുടെ ദുരവസ്ഥ ബന്ധപ്പെട്ട അധികൃതരെ മാറി മാറി അറിയിച്ചിട്ടും നടപടിയില്ല.