കോടതി ഉത്തരവ് അനുസരിച്ച് വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന കോടി തോരണങ്ങൾ മാറ്റാൻ നിർദ്ദേശം
കോടതി ഉത്തരവ് അനുസരിച്ച് വണ്ടിപ്പെരിയാറിന്റെ വിവിധ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന കോടി തോരണങ്ങൾ മാറ്റാൻ നിർദ്ദേശം. ദേശീയപാതയോരത്തെ ഫ്ലക്സ് ബോർഡുകൾ പരസ്യ ബോർഡുകൾ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊടി തോരണങ്ങൾ എന്നിവ നീക്കം ചെയ്ത് എല്ലാ മാസവും അഞ്ചാം തീയതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പഞ്ചായത്ത് ഓഫീസിന് നിർദ്ദേശം ലഭിച്ചിരുന്നു.ഇതേ തുടർന്നാണ് വണ്ടിപ്പെരിയാറിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും സാമൂഹ്യ സാമുദായിക പ്രവർത്തകരുടെയും യോഗം വിളിച്ചു കൂട്ടിയത്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള ഭാഗത്ത് 11ഓളം കൊടിമരങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികൾ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇത് നീക്കം ചെയ്യും.കൂടാതെ രാഷ്ട്രീയ കക്ഷികളുടെ പരിപാടികൾക്ക് മൂന്ന് ദിവസം മുൻപ് മാത്രം കൊടി തോരണങ്ങൾ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ തന്നെ ഇത് നീക്കം ചെയ്യുകയും വേണം.ഇതോടൊപ്പം പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപത്തിന് എതിരെ ഫൈൻ ഈടാക്കി കൊണ്ടുള്ള നടപടി ഉണ്ടാവും. ഇതിനാവശ്യമായ ക്യാമറകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിൽ സ്ഥാപിക്കും.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. വണ്ടിപ്പെരിയാർ ടൗൺ മുതൽ വാളാടി വരെയുള്ള ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയപാത അധികൃതർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനും നോട്ടീസ് നൽകും. നാലാം തീയതി കൊടി തോരണങ്ങൾ നീക്കം ചെയ്ത് അഞ്ചാം തീയതി കോടതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യണം. ഇതിന്റെ ഭാഗമായി നടന്ന യോഗത്തിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ അധ്യക്ഷയായിരുന്നു.പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി വിജയാനന്ദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ സാമൂഹ്യ സാമുദായിക സംഘടന പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .അടുത്ത ദിവസം മുതൽ തന്നെ യോഗത്തിന്റെ തീരുമാനം അനുസരിച്ചുള്ള നടപടികൾ ആരംഭിക്കാനാണ് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.