ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിൽ വീർപ്പ് മുട്ടിയ സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതു ജീവൻ
മാങ്ങാത്തൊട്ടിയിൽ പ്രവർത്തിക്കുന്ന സേനാപതി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനായി ഒരു കോടി 98 ലക്ഷം രൂപ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ചത്.നാല് ആദിവാസികുടികൾ ഉൾപ്പെടെ നിരവധി ആളുകളുടെ ആശ്രയമായ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചു വരുന്നത് പതിനെട്ട് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ്. ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആശുപത്രിക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്തത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഭരണസമിതിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ ആശുപത്രി കെട്ടിടത്തിനും സബ്‌സെന്ററിനുമായി ഒരു കോടി 98 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഉടുമ്പൻചോല എം എൽ എ എം എം മണി നിർമ്മാണ പ്രവർത്തങ്ങളുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.നിയമം അനുവദിക്കുമെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൂടുതൽ ഡോക്‌ടർമാരെ അനുവദിക്കും എന്ന് എം എം മണി പറഞ്ഞു. സബ് സെന്ററിനായി 55 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.രണ്ടാം ഘട്ടമെന്ന നിലയിൽ സബ് സെന്ററിന്റെ നിർമ്മാണ പ്രവർത്തങ്ങളും ആരംഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ നേതൃത്വത്തിൽ നടന്ന നിർമ്മാണ ഉൽഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി എൻ മോഹനൻ മുഖ്യ പ്രഭാക്ഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻ്റോ തോമസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി എൽദോസ്,ബീനാ സണ്ണി,കെ എ ബെന്നി,ഷൈജ അമ്പാടി,മെഡിക്കൽ ഓഫിസർ ദീപു കൃഷണ,കുടുംബ ശ്രീ ചെയർപേഴ്സ്ൺ സന്ധ്യ,പി കെ ശശിധരൻ,സി യു ജോയി,ജെയിംസ് തെങ്ങുംകുടി,ബേബി പുൽപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.