വിദേശ ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; പ്രതി കുമളി പോലീസ് പിടിയിൽ
വിദേശ ജോലി വാഗ്ദാനം നൽകി റിസോർട്ട് ജീവനക്കാരിൽ നിന്നും നാലരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കുമളി പോലീസ് ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. പൂനെ സ്വദേശി ഹെൻസൺ ഡിസൂസയാണ് പിടിയിലായത്.കുമളി സ്പ്രിംഗ് വാലിയിലെ സ്വകാര്യ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയിരുന്ന ജ്യോതിലക്ഷ്മിയിൽ നിന്നുമാണ് പ്രതി ഒരു വർഷം മുൻപ് നാലരലക്ഷം രൂപ തട്ടിയെടുത്തത്. യുകെയിലുള്ള സുഹൃത്തിന്റെ സ്ഥാപനത്തിൽ മെച്ചപ്പെട്ട ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്. കുമളി സ്പ്രിങ് വാലിയിലെ സ്വകാര്യ റിസോർട്ടിൽ ഭാര്യയുമൊത്ത് താമസിക്കാൻ എത്തിയപ്പോൾ ആയിരുന്നു ഹെൻസൺ ജ്യോതിലക്ഷ്മിയെ പരിചയപ്പെട്ടത്. ഇത്തരത്തിൽ സംസ്ഥാനത്തെ പല ഭാഗത്തും താമസിച്ച് ഇയാൾ പണം തട്ടിയതായി സംശയം ഉണ്ടെന്നും പോലീസ് അറിയിച്ചു. കുമളി എസ് ഐ ലിജോ പി മണി മറ്റ് ഉദ്യോഗസ്ഥരായ സുബൈർ, ശ്രീനാഥ് സാദിഖ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത് . പീരുമേട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.