സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കർഷകർക്ക് ജൈവ വളം വിതരണം ചെയ്യാൻ വകയിരുത്തിയ തുകയുടെ 9.2 ശതമാനം മാത്രമാണ് കട്ടപ്പന നഗരസഭ ചെലവഴിച്ചതെന്ന് റിപ്പോർട്ട്. കല്യാണത്തണ്ട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ തർക്കം
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ കർഷകർക്ക് ജൈവ വളം വിതരണം ചെയ്യാൻ വകയിരുത്തിയ തുകയുടെ 9.2 ശതമാനം മാത്രമാണ് കട്ടപ്പന നഗരസഭ ചെലവഴിച്ചതെന്ന് റിപ്പോർട്ട്. കല്യാണത്തണ്ട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കട്ടപ്പന നഗരസഭയിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ തർക്കവും ഉണ്ടായി.കല്യാണ ആണ് ടൂറിസം പദ്ധതിക്ക് സ്ഥലം വിട്ടു ലഭിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനത്തിനായി 7 ലക്ഷം രൂപ വകമാറ്റിയതിനെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ തർക്കമുണ്ടായത്. പുതിയ പദ്ധതി വാർഡു കൗൺസിലറായ തന്നെ അറിയിച്ചില്ലെന്ന് പ്രശാന്ത് രാജു അധ്യക്ഷനോടു പരാതി പറഞ്ഞു. കൗൺസിലറായ ജോയി വെട്ടിക്കുഴി ഇതിന് മറുപടി പറയാൻ തുനിഞ്ഞത് വാക്കുതർക്കത്തിനിടയാക്കി.
നഗരസഭയുടെ പൊതു പദ്ധതിയാണെന്നും വാർഡു കൗൺസിലറോടു സൂചിപ്പിക്കാതിരുന്നത് ബോധപൂർവ്വമല്ലാത്ത വീഴ്ചയാണെന്നും ഇത് ആവർത്തിക്കില്ലെന്നും അധ്യക്ഷനായ അഡ്വ.കെ.ജെ ബെന്നി പറഞ്ഞു.2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി ഓഫീസർ നിർവഹണ ഉദ്യോഗസ്ഥനായിട്ടുള്ള ജൈവവള വിതരണ പദ്ധതി ആവിഷ്‌കരിച്ചത്. ഗുണഭോക്തൃ വിഹിതം ഉൾപ്പെടെ 53 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാൽ ഗുണഭോക്താക്കൾ മുഴുവൻ തുകയും മുടക്കിയ ശേഷം സബ്‌സിഡി തുക അക്കൗണ്ടിൽ ലഭിയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ കർഷകരിൽ വലിയൊരു വിഭാഗം പദ്ധതിയുമായി സഹകരിച്ചില്ല.പദ്ധതി ആരംഭിച്ച് രണ്ടു മാസം കഴിയുമ്പോൾ 1875 ഗുണഭോക്താക്കളിൽ 228 പേർ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. സംഭവം വിവാദമാകുകയും സാമ്പത്തിക വർഷം അവസാനിക്കാനിരിക്കേ തുക നഷ്ടമാകുകയും ചെയ്യുമെന്ന അവസ്ഥയുണ്ടായി. ഇതോടെ കർഷകർക്ക് 25 ശതമാനം മാത്രം തുകയടച്ച് വളം വാങ്ങിയ്ക്കാമെന്നും ബാക്കി 75 ശതമാനം തുക കർഷകൻ ആവശ്യപ്പെടുന്ന സഹകരണ സംഘങ്ങളുടെയോ അംഗീകൃത വളം വിൽപ്പന ഏജൻസികളുടേയോ അക്കൗണ്ടിൽ നൽകാൻ ചൊവ്വാഴ്ച്ച വിളിച്ച അടിയന്തര നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി.കൗൺസിലിൽ അസിസ്റ്റന്റ് എൻജിനീയർ നിർവഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ ടെൻഡർ അംഗീകരിയ്ക്കുന്നതിനും എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും തീരുമാനമെടുത്തു.