കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണത്തിൻ്റെ ഭാഗമായി കട്ടിള വയ്പ് ചടങ്ങ് ജനുവരി 19ന്
കട്ടപ്പന നരിയമ്പാറ പുതിയകാവ് ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണത്തിൻ്റെ ഭാഗമായി കട്ടിള വയ്പ് ചടങ്ങ് ജനുവരി 19ന് നടക്കുമെന്ന് ക്ഷേത്രം ഭരണ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിർമാണ പണികളുടെ പ്രധാന ചടങ്ങായ കട്ടിള വയ്പ്പ് കർമം ക്ഷേത്രം തന്ത്രി പരമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ നിർദേശാനുസരണം മേൽശാന്തി കൃഷ്ണൻ എമ്പ്രാന്തിരി നിർവഹിക്കും.കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ വാസ്തുശാസ്ത്ര വിധിപ്രകാരം 2000ൽ തുടങ്ങിയ രണ്ട് ശ്രീകോവിലുകളുടെയും നമസ്‌കാര മണ്ഡപത്തിന്റെയും പണികൾ കൃഷ്ണശിലയിലാണ് നടത്തിയിട്ടുള്ളത്. മേൽക്കൂരയുടെ തടിപ്പണികൾ പരേതനായ വൈക്കത്ത്‌ശേരി കൃഷ്ണൻ ആചാരിയുടെ നേതൃത്വത്തിൽ പണിത് മാന്നാർ രാജന്റെ നേതൃത്വത്തിൽ ചെമ്പോല പതിച്ചിട്ടുള്ളതാണ്.
2012ൽ പ്രതിഷ്ഠ നടത്തിയ ശ്രീകോവിലുകളുടെ അനുബന്ധമായി പുരാതന മാതൃകയിൽ കരിങ്കല്ലിൽ ചുറ്റമ്പലം നിർമിക്കാനാണ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് ശിവഗിരി തിരുമലൈ മുരുഗന്റെ നേതൃത്വത്തിൽ കൽപ്പണികൾ നടന്നു വരുകയാണ്.രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ആരംഭിക്കുന്ന പൂജകൾക്കും പ്രാർഥനകൾക്കും ശേഷം ധന്വന്തരൻ വൈദ്യരുടെ പ്രഭാഷണം നടക്കും. 11.30ന് കട്ടിളവയ്പ്പ് ചടങ്ങ് നടക്കും. ഒരുമണി മുതൽ പ്രസാദമൂട്ടും നടക്കുമെന്ന് നിർമാണ കമ്മിറ്റി പ്രസിഡന്റ് ലെജു പമ്പാവാസൻ, ക്ഷേത്രം സെക്രട്ടറി രാജേഷ് നാരായണൻ, നിർമാണ സെക്രട്ടറി അനിൽകുമാർ കല്ലേട്ട്, ട്രഷറർ കെ.കെ.ബാബു കല്ലൂരാത്ത് എന്നിവർ പറഞ്ഞു.