പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിലെ പവലിയനിൽ വനംവകുപ്പിന്റെ ഇടപെടല്‍; ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ വനം വകുപ്പുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി. മാങ്കുളം ടൗണില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷ സാധ്യത
മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചതാണ് പവലിയൻ. ബ്ലോക്ക് പഞ്ചായത്ത് ,മാങ്കുളം ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കിയ പവലിയനില്‍ വനംവകുപ്പ് നിയമ വിരുദ്ധ ഇടപെടല്‍ നടത്തുന്നുവെന്ന പരാതിയുമായി ജന പ്രതിനിധികളും പ്രദേശവാസികളും രംഗത്തെത്തി.റെയിഞ്ചോഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പവലിയനില്‍ പ്രവേശിച്ചത്. പവലിയന്‍ സംബന്ധിച്ച് വനം വകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം.
ഇതോടെ പ്രദേശത്ത് പ്രതിഷേധം രൂപം കൊണ്ടു.ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും പ്രതിഷേധവുമായി പവലിയനിലേക്ക് എത്തി. വനംവകുപ്പ് ഇടപെടലിനെ ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികളെ വനം വകുപ്പുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്.മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാങ്കുളം ടൗണില്‍ നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിൽക്കുകയാണ്.വനം വകുപ്പുദ്യോഗസ്ഥര്‍ പവലിയനില്‍ കടന്ന് പ്രകോപനം സൃഷ്ടിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.