ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ വീണ്ടും വ്യാപക കൈയേറ്റം; കൈയേറിയത്,പുഴ പുറംമ്പോക്ക് വെട്ടി തെളിച്ച്
ഇടുക്കി പൂപ്പാറ പന്നിയാർ പുഴയിൽ വീണ്ടും വ്യാപക കൈയേറ്റം. പുഴ പുറംമ്പോക്ക് വെട്ടി തെളിച്ചാണ് കൈയേറിയത്. പുഴയോരത്ത് നിന്നിരുന്ന വൻ മരത്തിന്റെ ശിഖിരങ്ങളും മുറിച്ചുമാറ്റി. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പൂപ്പാറയിൽ പന്നിയാർ പുഴ കൈയേറിയുള്ള നിർമ്മാണ പ്രവർത്തങ്ങൾ തകൃതിയായി നടക്കുകയാണ്. ഇതുവരെ നാൽപ്പതോളം പേർക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. എന്നാൽ നോട്ടീസ് അവഗണിച്ചും നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്നു. കഴിഞ്ഞ ദിവസമാണ് പുഴ പുറമ്പോക്ക് കൈയേറി വെട്ടിത്തെളിച്ചത്. പന്നിയാർ പുഴയുടെ നടുക്കാണ് കൈയേറ്റം.പുഴയിൽ നിന്നിരുന്ന മരവും മുറിച്ചു കടത്തുവാൻ ശ്രമിച്ചു. പുഴ കൈയേറി മരത്തിന്റെ ശിഖിരങ്ങൾ വെട്ടുന്നതിനിടയിലാണ് കൈയേറ്റം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. പൂപ്പാറയിൽ വ്യാപകമായിട്ടാണ് പന്നിയാർ പുഴ കൈയേറിയിരിക്കുന്നത്. കയ്യേറ്റത്തിനെതിരെ പഞ്ചായത്തും റവന്യു വകുപ്പും മൃദുസമീപനം സ്വികരിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ശാന്തൻപാറ,രാജകുമാരി,സേനാപതി,രാജാക്കാട് ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ് കൂടിയാണ് പന്നിയാർ പുഴ. ക്രിസ്തുമസ് ന്യൂയർ അവധി കഴിഞ്ഞു ഉദ്യോഗസ്ഥർ എത്തുന്നതോടെ കൈയേറ്റങ്ങൾക്ക് എതിരെ ശക്‌തമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.